
കൊച്ചി: കടല്‍ക്ഷോഭം ശക്തമാകാറുള്ള ചെല്ലാനത്ത് ആശ്വാസമേകാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസിന്‍റെ സന്ദര്‍ശനം. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനം നടത്തിയ കളക്ടര്‍ വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. നാട്ടുകാരുടെ പരാതികള്‍ക്ക് ചെവി കൊടുത്ത കളക്ടര്‍ അവര്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
ജില്ലാകളക്ടറുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍
ചെല്ലാനത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക റിവ്യൂവിന് മുൻപായി അവിടെ നേരിട്ടെത്തി അനൗദ്യോഗികകമായി കാര്യങ്ങൾ വിലയിരുത്താം എന്ന് കരുതിയാണ് ഇന്ന് ചെല്ലാനത്തേക്കു എത്തിയത് , എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടു ഈ ഒഴിവു ദിവസവും സെന്റ് ആല്ബെര്ട്സ് കോളേജിലെയും സെന്റ് തെരേസാസ് കോളേജിലെയും അനുജന്മാരും അനിയത്തിമാരും ഇവിടെ സന്നദ്ധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നു, ആദ്യമായി അവർക്കെന്റെ അഭിനന്ദനങ്ങൾ.
4450 ജിയോ ബാഗുകൾ വാങ്ങിയതിൽ 3675 ബാഗുകൾ വിവിധയിടങ്ങളിലായി വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് , ബാക്കി 775 ബാഗുകൾ അടിയന്തിരആവശ്യങ്ങൾക്കുവേണ്ടി ഫോർട്ട് കൊച്ചി താലൂക്ക് ഓഫീസിൽ കരുതലായി വെച്ചിട്ടുണ്ട്. ജിയോ ടെക്സ്റ്റൈൽ ട്യൂബുകളുടെ ജോലി ഉടൻ തന്നെ ആരംഭിക്കാൻ കഴിയും , അതിനു വേണ്ട എല്ലാ പിന്തുണയും ജില്ലാഭരണകൂടം നൽകും , അടുത്ത വർഷം ഈ ഭീകര അവസ്ഥ ഇവിടെ ഉണ്ടാകാതിരിക്കാൻ നമുക്കൊരുമിച്ചു പ്രവർത്തിക്കാം .
ഈ പ്രശ്നസമയത്തെല്ലാം അവർക്കു കരുത്തു നൽകിയ വേളാങ്കണ്ണി പള്ളിയിൽ അൽപനേരം പ്രാർഥിച്ചശേഷം മത്സ്യത്തൊഴിലാളി സഹോദരനായ മാർട്ടിൻ കുട്ടപ്പശ്ശേരി ചേട്ടന്റെ സ്നേഹത്തിനു മുൻപിൽ ചേച്ചിയുടെ കൂടെ ഉച്ചഭക്ഷണം കഴിച്ചു. രുചിയോടൊപ്പം ഈ വേദനയിലും എന്നോട് കാണിച്ച ഈ സ്നേഹത്തിനു മറുപടിയായി പ്രവർത്തനങ്ങൾ എത്രയും വേഗം തീർത്തു നൽകുക എന്നതാണ് എന്റെ ലക്‌ഷ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam