
കോട്ടയം: പാലാ ചെറുപ്പം ആകുന്നു. നഗരസഭയെ നയിക്കാൻ ഇനി ജന്‍സി ചെയർപേഴ്സൺ. 21 കാരി ദിയാ ബിനു പുളിക്കകണ്ടം നഗരമാതാവ് ആയി ചുമതലയെറ്റു. നാടകീയതകൾക്കൊടുവിൽ പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനു പുളിക്കകണ്ടം എത്തുമ്പോൾ പിറക്കുന്നത് ചരിത്രം കൂടിയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന നേട്ടമാണ് ദിയ ബിനു പുളിക്കകണ്ടം കൈവരിച്ചത്. അടിസ്ഥാന വികസനത്തിൽ ഊന്നിലുള്ള മാർഗ്ഗരേഖകളുമായാണ് ചുമതല ഏൽക്കുന്നത് എന്ന് ദിയ ബിനു പുളിക്കകണ്ടം ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ പറഞ്ഞു.
അച്ഛൻ ബിനു പുളിക്കകണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്കകണ്ടവും വഴിതെളിച്ച രാഷ്ട്രീയ പാതയിലൂടെ ദിയ മുന്നോട്ട് പോകുമ്പോൾ കുടുംബത്തിന് ഇതൊരു മധുരപ്രതികാരം വീട്ടൽ കൂടിയാണ്. 2023ല്‍ ഒരു കാരണവും ഇല്ലാതെ ജോസ് കെ മാണി തട്ടിത്തെറിപ്പിച്ച തന്റെ നഗരസഭ അധ്യക്ഷ സ്ഥാനമാണ് ബിനു പുളിക്കകണ്ടം മകളിലൂടെ തിരിച്ചുപിടിച്ചത്. ഒരു കുടുംബത്തിലെ മൂന്നുപേർ സ്വതന്ത്രരായി തെരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോൾ നേരിട്ട വിമർശനങ്ങൾക്കും പരിഹാസനങ്ങൾക്കും ഉള്ള മറുപടിയുമുണ്ട് നഗരസഭ അധ്യക്ഷ കസേരയ്ക്ക് പിന്നിൽ. സ്വതന്ത്രയായി മത്സരിക്കണമെന്ന അച്ഛൻ ബിനു പുളിക്കകണ്ടത്തിന്റെ ഒരു മടിയും ഇല്ലാതെ സ്വീകരിച്ചാണ് ബി എ എക്കണോമിക്സ് ബിരുദധാരിയായ ദിയ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലൂടെ നീളം ദൃഢതയുള്ള ആശയങ്ങൾ മുന്നോട്ട് വെച്ചപ്പോൾ പാലാ നഗരസഭയിലെ പതിനഞ്ചാം വാർഡിലെ വോട്ടർമാർ നൽകിയത് 131 വോട്ടിന്റെ ഭൂരിപക്ഷം. ഒരു നാട് യുവത്വത്തിൽ അർപ്പിച്ച വിശ്വാസത്തിന് ദീർഘവീക്ഷണം ഉള്ള വികസന കാഴ്ചപ്പാടുകൾ ആണ് ദിയയുടെ മറുപടി
ആർക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന പല നഗരസഭയിൽ പിന്തുണ വെണ്ടവർക്ക് മുന്നിൽ പുളിക്കണ്ടം കുടുംബം മുന്നോട്ടുവച്ചതും ദിയ ബിനുവിനെ ചെയർപേഴ്സൺ ആക്കണമെന്ന് ആവശ്യമായിരുന്നു. ദിയ ചെയർപേഴ്സൺ ആയ നഗരസഭ കൗൺസിലിൽ അച്ഛൻ ബിനു പുളിക്കണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്ക കണ്ടവും ഒപ്പമുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിയാ ബിനു ചെയർപേഴ്സൺ സ്ഥാനത്തിരുന്ന് കൊണ്ട് തന്നെ തുടർ വിദ്യാഭ്യാസം നടത്താനുള്ള തീരുമാനത്തിലാണ്.
ഭരണം പിടിക്കാൻ മന്ത്രി വി.എൻ. വാസവന്റെയും സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥിന്റെയും നേതൃത്വത്തിൽ എൽഡിഎഫ് നടത്തിയ തീവ്രശ്രമങ്ങൾ ഫലം കണ്ടില്ല. പുളിക്കകണ്ടം കുടുംബവുമായി നേതാക്കൾ നേരിട്ടെത്തി ചർച്ചകൾ നടത്തിയെങ്കിലും അധ്യക്ഷസ്ഥാനം സംബന്ധിച്ച ധാരണയിലെത്താൻ സാധിച്ചില്ല. ഇതോടെ, പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി കേരള കോൺഗ്രസ് എം പ്രതിപക്ഷത്തിരിക്കേണ്ടി വരും എന്നതും ശ്രദ്ധേയമാണ്. ആകെ 26 സീറ്റുകളുള്ള നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എൽഡിഎഫ്: 12 സീറ്റുകൾ. യുഡിഎഫ്: 10 സീറ്റുകൾ. സ്വതന്ത്രർ: 04 സീറ്റുകൾ (ഇതിൽ 3 പേർ പുളിക്കകണ്ടം കുടുംബാംഗങ്ങളും ഒരാൾ കോൺഗ്രസ് വിമതനുമാണ്) എന്നിങ്ങനെ ആയിരുന്നു സീറ്റ് നില. പത്തൊൻപതാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസ് വിമതൻ രാഹുലും പുളിക്കകണ്ടം കുടുംബവും യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഭരണമുറപ്പിക്കാൻ ആവശ്യമായ അംഗബലം യുഡിഎഫിന് ലഭിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷന്മാരിൽ ഒരാളായി ചുമതലയേൽക്കുന്ന ദിയ ബിനുവിന് വലിയ വികസന വെല്ലുവിളികളാണ് ഇനി പാലായിൽ കാത്തിരിക്കുന്നത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam