വിനോദിന്‍റെ വിയോഗത്തോടെ ആശ്രയമറ്റ കുടുംബത്തെ സുമനസുകള്‍ ചേര്‍ത്ത് പിടിക്കുകയായിരുന്നു. തങ്കശ്ശേരി സ്വദേശി സജീവ് സൗജന്യമായി നല്‍കിയ 3 സെന്‍റ് ഭൂമിയില്‍ സിപിഎം കല്ലുംതാഴം ലോക്കല്‍ കമ്മിറ്റി സ്നേഹവീട് തീര്‍ത്തു.
കൊല്ലം: അവയവ ദാനത്തിലൂടെ 7 പേര്‍ക്ക് പുതുജീവന്‍ നല്‍കിയ കൊല്ലം കിളികൊല്ലൂർ സ്വദേശി വിനോദിന്‍റെ കുടുംബത്തിന് സ്നേഹവീട് ഒരുക്കി സുമനസുകള്‍. സിപിഎം കല്ലുംതാഴം ലോക്കല്‍ കമ്മിറ്റിയും ഭൂമി സൗജന്യമായി നല്‍കിയ തങ്കശ്ശേരി സ്വദേശി സജീവുമാണ് നിര്‍ധന കുടുംബത്തിന് തണലായത്. 2022ല്‍ അപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച വിനോദിന്‍റെ ഹൃദയവും കൈകളും അടക്കം 8 അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. സ്വന്തമായൊരു വീട് കിളികൊല്ലൂർ സ്വദേശി വിനോദിന്‍റെ സ്വപ്നമായിരുന്നു. എല്ലാ പ്രതീക്ഷകളും 2022 ഡിസംബര്‍ 30ലെ വാഹനാകടം കവര്‍ന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിരിക്കെ ജനുവരി നാലിന് മസ്തിഷ്കമരണം സംഭവിച്ചു. തുടര്‍ന്നായിരുന്നു അവയവ ദാനമെന്ന മഹത്തായ തീരുമാനം.
ഹൃദയവും കൈകളും കരളും തുടങ്ങി 8 അവയവങ്ങള്‍ ദാനം ചെയ്തു. വിനോദിന്‍റെ വിയോഗത്തോടെ ആശ്രയമറ്റ കുടുംബത്തെ സുമനസുകള്‍ ചേര്‍ത്ത് പിടിക്കുകയായിരുന്നു. തങ്കശ്ശേരി സ്വദേശി സജീവ് സൗജന്യമായി നല്‍കിയ 3 സെന്‍റ് ഭൂമിയില്‍ സിപിഎം കല്ലുംതാഴം ലോക്കല്‍ കമ്മിറ്റി സ്നേഹവീട് തീര്‍ത്തു. പ്രത്യാശയുടെ ക്രിസ്തുമസ് ദിനത്തില്‍ സ്നേഹത്തിന്‍റെ അടിത്തറയില്‍ തിരുമുല്ലവാരത്ത് ഇന്നലെ വീടിന്‍റെ ഗൃഹപ്രവേശം നടന്നു. ഭർത്താവിന്‍റെ വിയോഗത്തിൽ ചിറകൊടിഞ്ഞ പോലെയായിരുന്നു തന്‍റെ അവസ്ഥയെന്നും എന്നാൽ സുമനസുകൾ തന്നെ ചേർത്ത് പിടിച്ചെന്നും വിനോദിന്‍റെ ഭാര്യ സുജാത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനി എന്ത് പ്രശ്നം വന്നാലും അവരുണ്ടാകുമെന്നും സുജാത പറയുന്നു..
പ്രാരാബ്ധങ്ങള്‍ക്കിടയിലും കരുതലിന്‍റെ സന്ദേശം പകര്‍ന്ന കുടുംബമാണ്. അവര്‍ വീണ് പോകാതെ നോക്കേണ്ടത് നാടിന്‍റെ കടമയാണെന്ന ബോധ്യമാണ് സ്നേഹവീട് യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്ന് സിപിഎം ജില്ലാ കമ്മറ്റിയംഗം എസ് പ്രസാദ് പറഞ്ഞു. ഒന്നും പ്രതീക്ഷിച്ചല്ല സുജാത അവയവ ദാനത്തിന് സമ്മതം പറഞ്ഞത്. മരണത്തെയും ചിലര്‍ തോല്‍പ്പിക്കും. വിനോദും അവരില്‍ ഒരാള്‍ ആകണമെന്ന് ആഗ്രഹിച്ചു. 7 പേരിലൂടെ വിനോദ് ഇന്നും ജീവിക്കുന്നുണ്ട്. മനുഷ്വത്വത്തെ കുറിച്ച് നല്ല ധാരണയുള്ളവർക്ക് മാത്രമേ അവയവാദനത്തിന് സമ്മതം നൽകാനാവു എന്നും പ്രസാദ് പറഞ്ഞു.


