കരാര്‍ ജീവനക്കാരുടെ പ്രസവാവധി നിഷേധിക്കരുത്; മനുഷ്യാവകാശ കമ്മീഷന്‍

By Web TeamFirst Published Mar 22, 2019, 8:02 PM IST
Highlights

ജീവനക്കാരുടെ കരാര്‍ വര്‍ഷാവര്‍ഷം പുതുക്കി നല്‍കി വരുന്നുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.  ഭരണഘടനയുടെ 14 മുതല്‍ 16 വരെയുള്ള അനുഛേദങ്ങളുമായി പരാതിക്കാരുടെ ആവശ്യം കൂട്ടിവായിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ (ഐ കെ എം) കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ അക്കൗണ്ടന്‍റ് /ഐടി എക്‌സ്‌പെര്‍ട്ടുകള്‍ക്ക് നിയമപ്രകാരം പ്രസവാവധി അനുദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ  കമ്മീഷന്‍. സ്ഥാപനത്തിലെ ഭരണവിഭാഗം മേധാവി ഇത് സംബന്ധിച്ച് സര്‍ക്കാരുമായി ആവശ്യമായ ആശയ വിനിമയം നടത്തി ആവശ്യക്കാര്‍ക്ക് പ്രസവാവധി അടിയന്തരമായി അനുവദിക്കണമെ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

ഉത്തരവ് നടപ്പിലാക്കിയ ശേഷം രണ്ടുമാസത്തിനകം ഐ കെ എം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് സ്വദേശിനികളായ ജീവനക്കാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റുമായി പ്രസവാവധിക്ക് അപേക്ഷ നല്‍കിയാല്‍ അനുവദിക്കില്ലെന്ന് പരാതിയില്‍ പറയുന്നു. 2016 ഡിസംബര്‍ 20 ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐ കെ എമ്മിന്റെ യോഗം കരാര്‍ ജീവനക്കാര്‍ക്കും പ്രസവാവധി അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് അവധി അനുവദിക്കുന്നില്ലെന്നാണ് പരാതി.

അവധി സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നാണ് മറുപടി. ജീവനക്കാരുടെ കരാര്‍ വര്‍ഷാവര്‍ഷം പുതുക്കി നല്‍കി വരുന്നുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.  ഭരണഘടനയുടെ 14 മുതല്‍ 16 വരെയുള്ള അനുഛേദങ്ങളുമായി പരാതിക്കാരുടെ ആവശ്യം കൂട്ടിവായിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. എല്‍ ഐ സി ഓഫ് ഇന്ത്യയും മിനിയും തമ്മിലുള്ള കേസില്‍ പ്രസവാവധിയുടെ പേരില്‍ ഒരു സ്ത്രീയുടെയും അവകാശങ്ങള്‍ ലംഘിക്കരുതെന്ന് ഹൈക്കോടതി വിധിച്ചിട്ടുണ്ട്.  പി വി രാഖിയും കേരളവും തമ്മിലുള്ള കേസില്‍ സര്‍ക്കാരിതര തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും 180 ദിവസത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.  കരാര്‍ ജീവനക്കാര്‍ എന്ന പേരില്‍ ജീവനക്കാരുടെ പ്രസവാവധി നിഷേധിക്കാന്‍ ഒരിക്കലും കഴിയില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

click me!