
ആലുവ: മദ്യപാനത്തെ തുടർന്നുള്ള ബഹളം ചോദ്യം ചെയ്തതിന് ഡോക്ടറെ അയൽവാസിയും സുഹൃത്തുക്കളും സംഘം ചേർന്ന് മർദ്ദിച്ചു. എറണാകുളം അമൃത ആശുപത്രിയിലെ റേഡിയോളജി വിഭാഗം അസ്സിസ്റ്റൻറ് പ്രൊഫസർ രാജേശേഖറിനാണ് മർദ്ദനമേറ്റത്. ചെവിക്ക് ഗുരുതരമായി പരുക്കേറ്റ രാജശേഖറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലുവ ഏലൂക്കരയിലെ ആമ്പിൾ വില്ലയിൽ ഇന്നു രാവിലെയാണ് കേസിനാസ്പദമായ സംഭവം. ഡോക്ടറും കുടുംബം താമസിക്കുന്ന വീടിന് തൊട്ട് മുന്നിലുള്ള വീട്ടിലെ താമസക്കാരനായ വിജു എന്നയാളാണ് മർദ്ദിച്ചതെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രിയോടെ വിജു സുഹൃത്തുക്കളുമായി ചേർന്ന് വീട്ടിലെത്തി പുലരുവോളം മദ്യപിച്ച് വലിയ ബഹളവുമുണ്ടാക്കിയിരുന്നു. ബഹളത്തെ തുടർന്ന് കുട്ടികൾ അടക്കം ഭയന്നതോടെ ഡോക്ടർ രാവിലെ വിജുവിനെ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് വിജുവും സുഹൃത്തുക്കളും ഡോക്ടറോട് തട്ടിക്കയറിയതും മര്‍ദനമാരംഭിച്ചതും .
മർദ്ദനത്തെ തുടർന്ന് ചെവിയ്ക്കടക്കം പരുക്കേറ്റ ഡോക്ടറെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ബിനാനിപുരം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വിജുവിനെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ആമ്പിള്‍ വില്ലയിലെ വിജുവിന്‍റെ വീട് അതിഥി സൽക്കാരത്തിനുള്ളതാണ്. സുഹൃത്തുക്കളുമായെത്തി ഇയാൾ ഇവിടെയെത്തി ബഹളം വെക്കാറുള്ളത് പതിവാണെന്നാണ് പരാതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam