ഭാര്യയുടെ ചികിത്സയ്ക്ക് വിദേശത്ത് പോയ ഡോക്ടർക്ക് സ്റ്റൈപ്പൻഡ് നിഷേധിച്ചു; ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

By Web TeamFirst Published Nov 12, 2020, 12:43 AM IST
Highlights

കാൻസർ രോഗിയായ ഭാര്യക്ക് ചികിത്സ ലഭ്യമാക്കാൻ യുഎസ്എയിലേക്ക് പോയ ‌കോഴിക്കോട് മെഡിക്കൽ കോളേജിലെ എംഡി. വിദ്യാർഥിയായ സീനിയർ റെസിഡന്റിന്റെ തടഞ്ഞുവെച്ച സ്റ്റൈപ്പെൻഡ്‌ ഉടൻ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.

കോഴിക്കോട്: കാൻസർ രോഗിയായ ഭാര്യക്ക് ചികിത്സ ലഭ്യമാക്കാൻ യുഎസ്എയിലേക്ക് പോയ ‌കോഴിക്കോട് മെഡിക്കൽ കോളേജിലെ എംഡി. വിദ്യാർഥിയായ സീനിയർ റെസിഡന്റിന്റെ തടഞ്ഞുവെച്ച സ്റ്റൈപ്പെൻഡ്‌ ഉടൻ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.

ഗർഭിണിയായിരിക്കേയാണ് ഡോക്ടറുടെ ഭാര്യക്ക് കാൻസർ പിടിപെട്ടത്. പിന്നീട് ഇരട്ടക്കുട്ടികളെ പ്രസവിച്ചു. തുടർന്ന് 144 ദിവസത്തെ അവധിയെടുത്താണ് ഡോക്ടർ ഭാര്യയ്ക്കൊപ്പം യുഎസ്എയിലേക്ക് പോയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെയായിരുന്നു വിദേശത്തേക്ക് പോയത്. 

ഭാര്യയുടെ ചികിത്സയ്ക്കുവേണ്ടി അവധിയെടുക്കുന്ന ദിവസങ്ങൾക്കുപകരം ജോലി ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. കമ്മിഷൻ കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിൽനിന്ന്‌ റിപ്പോർട്ട് വാങ്ങി. 45 ദിവസത്തിൽ കൂടുതൽ അവധിയെടുത്താൽ സ്റ്റൈപ്പെൻഡ്‌ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ നിലപാട്.

എന്നാൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് മറികടന്ന് സ്റ്റൈപ്പെൻഡ്‌ നൽകാതിരിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന്  കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്റ്റൈപ്പെൻഡ്‌ നൽകിയശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അറിയിച്ചു.

click me!