അപൂർവരോ​ഗം ബാധിച്ച യുവതിക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ

By Web TeamFirst Published Oct 31, 2018, 11:28 PM IST
Highlights

രോഗികളുടെ പേശികളുടെ ഇലാസ്തീകത വര്‍ധിപ്പിച്ച് പേശികളെ ബലഹീനമാക്കുന്ന അവസ്ഥയാണ് മര്‍ഫാന്‍സ് സിന്‍ഡ്രം. ഇത് അയോര്‍ട്ടിക് അന്യൂറിസത്തിനും അയോര്‍ട്ടിക് ഡിസെക്ഷനും കാരണമാകാം. അയോര്‍ട്ടിക് അന്യൂറിസത്തില്‍ പ്രധാന രക്തധമനിയായ അയോര്‍ട്ടയുടെ പാളികള്‍ ബലൂണ്‍ പോലെ വീര്‍ക്കുകയും ആ ഭാഗത്തെ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു. ഇത് അയോര്‍ട്ട പൊട്ടി പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു. 

തൃശൂര്‍: ശരീരത്തിലെ മഹാധമനിയെ ബാധിക്കുന്ന മാര്‍ഫന്‍ സിന്‍ഡ്രം എന്ന അപൂര്‍വ രോഗം ബാധിച്ച യുവതിക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ 8 മണിക്കൂര്‍ നീണ്ട അയോര്‍ട്ടിക് ശസ്ത്രക്രീയയിലൂടെയാണ് 28 വയസുള്ള പാലക്കാട് സ്വദേശിനിയായ ഗീതയ്ക്ക് പുതുജീവന്‍ ലഭിച്ചത്. 

ഡോ.ജോണ്‍ ഇ.വി.യുടെ നേതൃത്വത്തിലുള്ള കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ ടീം നടത്തിയ വിദഗ്ധ പരിശോധനയില്‍ ഗീതയ്ക്ക് മാര്‍ഫന്‍ സിന്‍ഡ്രം എന്ന അപൂര്‍വമായ അവസ്ഥയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ അയോര്‍ട്ടയുടെ ഭിത്തി തകര്‍ന്ന് മസ്തിഷ്‌കത്തിലേക്കുള്ള ധമനികളെയും രോഗബാധ ഗുരുതരമായി ബാധിച്ച നിലയില്‍ കണ്ടെത്തി. 

ഗീതയുടെ ആരോഗ്യനില മോശമായതിനാല്‍ ശസ്ത്രക്രിയ നടത്തുന്നത് സങ്കീര്‍ണമായിരുന്നു. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ സംഘം രോഗിയുടെ വലതുകാലിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനായി ഇടതുകാലില്‍ നിന്ന് എമര്‍ജന്‍സി ബൈപ്പാസ് സര്‍ജറി നടത്തി. തുടര്‍ന്ന് എതാനും ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് അയോര്‍ട്ടിക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ അയോര്‍ട്ടയും വാള്‍വും കൊറോണറി ആര്‍ട്ടറിയും മാറ്റി സ്ഥാപിച്ചു. 

രോഗികളുടെ പേശികളുടെ ഇലാസ്തീകത വര്‍ധിപ്പിച്ച് പേശികളെ ബലഹീനമാക്കുന്ന അവസ്ഥയാണ് മര്‍ഫാന്‍സ് സിന്‍ഡ്രം. ഇത് അയോര്‍ട്ടിക് അന്യൂറിസത്തിനും അയോര്‍ട്ടിക് ഡിസെക്ഷനും കാരണമാകാം. അയോര്‍ട്ടിക് അന്യൂറിസത്തില്‍ പ്രധാന രക്തധമനിയായ അയോര്‍ട്ടയുടെ പാളികള്‍ ബലൂണ്‍ പോലെ വീര്‍ക്കുകയും ആ ഭാഗത്തെ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു. ഇത് അയോര്‍ട്ട പൊട്ടി പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു. 

അയോര്‍ട്ടിക് ഡിസെക്ഷനില്‍ അയോര്‍ട്ടയുടെ പാളികളില്‍ വിള്ളല്‍ സംഭവിച്ച് അതില്‍ കൂടി രക്തം ഒഴുകികൊണ്ടിരിക്കും. ഇത്തരം രോഗികള്‍ക്ക് കഠിനമായ നെഞ്ചുവേദനയും പുറംവേദനയും ഉണ്ടായിരിക്കും. ശരീരത്തിലെ പ്രധാന അവയവങ്ങള്‍ക്ക് രക്തം ലഭിക്കാതെ വരും. പെട്ടെന്നുള്ള ശസ്ത്രക്രിയ മാത്രമാണ് ഇതിനുള്ള പോംവഴി. 

അപൂര്‍വ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി. ജൂബിലിയില്‍ നടന്ന 8 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ ടീം മേധാവി ഡോ.ജോണ്‍ ഇ.വി, കാര്‍ഡിയാക് സര്‍ജന്‍ ഡോ.വാസിം മുലാനി, കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ് ഡോ.ഷിബു സി.കള്ളിവളപ്പില്‍, കാര്‍ഡിയാക് തിയേറ്റര്‍ ടീം ലീഡര്‍ ആന്റണി ഐ.സി.യു ടീം ലീഡര്‍ ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

click me!