
കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഒരു റസ്ക്യൂ സംഘമുണ്ട്. കളഞ്ഞുപോയ രേഖകൾ ഉടമസ്ഥരിലേക്ക് തിരികെ എത്തിക്കുകയെന്നതാണ് 10 വർഷമായി പ്രവർത്തിക്കുന്ന മൂവർ സംഘത്തിന്റെ ലക്ഷ്യം. ആയിരത്തോളം പേർക്കാണ് കളക്ട്രേറ്റ് ജീവനക്കാരായ ഇവർ ഇതുവരെ സഹായമായത്.
മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, എസ്എസ്എൽസി ബുക്ക് വിലപ്പെട്ട രേഖകൾ ജീവിതത്തിലൊരിക്കലെങ്കിലും നഷ്ടപ്പെട്ടവരായിരിക്കും മിക്കവരും. അങ്ങനെയുള്ള ആയിരത്തോളമാളുകൾ ഈ മൂന്ന് പേരോട് എന്നും കടപ്പെട്ടിരിക്കും. പത്ത് വർഷം മുമ്പ് കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കളക്ട്രേറ്റ് ജീവനക്കാരനായ വിനോദ് ഉടമയുടെ വിലാസത്തിലേക്ക് അയച്ചു കൊടുത്തു. മകന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് തിരികെ ലഭിച്ച അമ്മ കണ്ണീരോടെ വിനോദിനെ തിരിച്ച് വിളിക്കുകയും ചെയ്തു. ആ സന്തോഷത്തിൽ നിന്നുള്ള പ്രചോദനമാണ് ഈ സംഘത്തിന് തുടക്കം.
അയച്ച് കൊടുക്കുന്ന രേഖകളുടെയെല്ലാം വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കും. ചെലവിലേക്കായി സ്വന്തം ശമ്പളത്തിൽ നിന്നൊരു തുക മാറ്റി വെക്കും. ഇതുവരെയും മടക്കിയയച്ച ഒറ്റ രേഖയ്ക്ക് പോലും പ്രതിഫലം വാങ്ങിയില്ലെന്നത് മൂന്ന് പേർക്കും അഭിമാനം. സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലാണ് റസ്ക്യൂ ടീമായ കെ രാജീവ്, കെ. വിനോദ്, എംകെ തൻസീറ എന്നിവരുണ്ടാകുക, ഇനി കോഴിക്കോട് കളക്ടറേറ്റിലേക്ക് വരുന്നവരോടാണ്, എന്തെങ്കിലും രേഖകൾ കളഞ്ഞുകിട്ടിയാൽ ഇവരെയേൽപ്പിക്കണേ!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam