തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇലക്ട്രിക് ബസ് വിവാദത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. നടത്തിപ്പ് നഷ്ടമായതിനാല്‍ കോര്‍പ്പറേഷന് ബസുകള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇലക്ട്രിക് ബസ് വിവാദത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ബസിന്റെ കണക്ക് പറഞ്ഞ് അ​ങ്ങ് കൊടുത്തേക്കാമെന്ന് പറഞ്ഞപ്പോൾ ആർക്കും വേണ്ടന്ന് അദ്ദേഹം പറഞ്ഞു. കാരണം ബസ് നടത്തിക്കൊണ്ടുപോകാന്‍ പറ്റില്ല. നടുവൊടിഞ്ഞുപോകും. ഇത് കെഎസ്ആര്‍ടിസി ഒരു കൂട്ടത്തിനിടയില്‍ നടത്തുന്നതിനാല്‍ നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്രത്തിനെതിരെ എല്‍ഡിഎഫ് നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

നരേന്ദ്ര മോദിയെ തിരുവനന്തപുരത്ത് കൊണ്ടുവരുന്ന ദിവസം, 101 ബസുകളും തിരുവനന്തപുരം നഗരത്തില്‍ സൗജന്യമായി ഓടിക്കും എന്ന് പ്രഖ്യാപിക്കാനുള്ള ഐഡിയ ആയിരുന്നു കരുതിവെച്ചിരുന്നത്. അതങ്ങ് പൊളിഞ്ഞു. നരേന്ദ്ര മോദി തിരുവനന്തപുരത്ത് വന്നിട്ട് 101 വാര്‍ഡിലേക്ക് സൗജന്യ ബസ് അനുവദിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിക്കാനായിരുന്നു പദ്ധതി. ഡീസല്‍ വണ്ടിയായിരുന്നേല്‍ അവര്‍ക്ക് കൊണ്ടുപോകാമായിരുന്നു. പക്ഷേ ഇലക്ട്രിക് ആയതിനാല്‍ എടുക്കാനാകില്ല. ഈ ബസിന്‍റെ കുറ്റിയിളക്കി വേറൊരിടത്ത് സ്ഥാപിക്കണമെങ്കില്‍ മിനിമം മൂന്ന് മാസമെടുക്കും. അന്ന് സ്ഥാപിച്ചവന് ഇതുവരെ ബില്ല് കൊടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

ആരാ ഇതിളക്കി അപ്പുറത്ത് വെക്കുക. എല്ലാ നടപടികളും പൂര്‍ത്തിയായി ട്രാന്‍സ്ഫോര്‍മാര്‍ സ്ഥാപിച്ച് വണ്ടി കൊണ്ടുപോകണമെങ്കില്‍ ദിവസങ്ങളെടുക്കും. അവര്‍ കെണിയിലാണ് വീണത്. അതുകൊണ്ട് എടുത്തുകൊണ്ടുപോയാല്‍ നടത്താനാകില്ല. കടുത്ത നഷ്ടത്തിലായിരുന്നു ഈ ബസുകള്‍. ഇപ്പോഴാണ് പച്ചപിടിച്ചത്. പച്ച പിടിച്ചപ്പോ ആരോ പറ‍ഞ്ഞുകൊടുത്തു എല്ലാം ഇങ്ങെടുക്കാന്‍. എല്ലാം ഫ്രീയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഉദ്ദേശ്യം. എന്നിട്ട് കെഎസ്ആര്‍ടിസിയും സംസ്ഥാന സര്‍ക്കാരും പ്രധാനമന്ത്രി പ്രഖ്യാപിച്ച സൗജന്യം കൊടുത്തില്ലേ എന്ന് പറയുമെന്നും മന്ത്രി പറഞ്ഞു.