
കല്‍പ്പറ്റ: വയനാടന്‍ കാടുകളില്‍ കഴുകന്മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി പഠനറിപ്പോര്‍ട്ട്. വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വനമേഖലകളില്‍ നടത്തിയ സര്‍വ്വെയിലാണ് കഴുകന്‍മാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ടുള്ളത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ വനംവകുപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
ചുട്ടി, കാതില, ഇന്ത്യന്‍ എന്നീ ഇനങ്ങളില്‍പെട്ടതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 121 കഴുകന്‍മാര്‍. ഇക്കഴിഞ്ഞ ഡിസംബര്‍ മാസം 30, 31 തീയ്യതികളിലായിരുന്നു വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തില്‍ കര്‍ണാടക, തമിഴ്നാട് വനംവകുപ്പുകളുടെ സഹകരണത്തോടെ കഴുകന്മാരുടെ കണക്കെടുപ്പ് നടന്നത്.
മുത്തങ്ങ വന്യജീവി സങ്കേതം, സൗത്ത്, നോര്‍ത്ത് വനം ഡിവിഷനുകള്‍ എന്നിവക്ക് കീഴിലെ വനമേഖലകളില്‍ പതിനെട്ട് ക്യാമ്പുകളായി തിരിഞ്ഞായിരുന്നു നിരീക്ഷണം. ഓരോ ക്യാമ്പിലും നാല് നിരീക്ഷണ സെഷനുകളുണ്ടായിരുന്നു. എല്ലാ ക്യാമ്പുകള്‍ക്ക് കീഴിലും കഴുകന്‍മാരെ കണ്ടെത്തിയെന്നതും ഇത്തവണത്തെ സര്‍വെയുടെ പ്രത്യേകതയാണ്. വയനാട് വന്യജീവി സങ്കതത്തില്‍ ഉള്‍പ്പെട്ട ദൊഡ്ഡക്കുളശിയിലാണ് ഏറ്റവും കൂടുതല്‍ കഴുകന്മാരെ കണ്ടെത്തിയിരിക്കുന്നത്.
വനം വകുപ്പിലെ മുന്‍നിര ജീവനക്കാര്‍ക്ക് പുറമെ കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കാലിക്കറ്റ് സര്‍വ്വകലാശാല, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി, സര്‍സയ്യിദ് കോളേജ് തളിപ്പറമ്പ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ആരണ്യകം നേച്വറല്‍ ഹിസ്റ്ററി സൊസൈറ്റി തുടങ്ങിയിടങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും കഴുകന്‍മാരുടെ കണക്കെടുപ്പിനായി എത്തിയിരുന്നു. ഇത്തരത്തില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 65 പേരാണ് സര്‍വെയില്‍ പങ്കാളികളായത്.
വനത്തിനുള്ളില്‍ വിജനമായ പ്രദേശത്ത് തമ്പടിച്ചായിരുന്നു സര്‍വ്വെ സംഘത്തിന്റെ നിരീക്ഷണം. ബൈനോക്കുലര്‍ വഴി കഴുകന്‍മാരുടെ സാന്നിധ്യം ഉറപ്പുവരുത്തിയതിന് ശേഷം ഇവയുടെ ഫോട്ടോകളും വീഡിയോയും എടുക്കും. എണ്ണത്തിന് പുറമെ കഴുകന്റെ നിറം, വലിപ്പം, ഏത് സമയത്ത് കാണപ്പെടുന്നു തുടങ്ങിയ കാര്യങ്ങളും സര്‍വ്വെയില്‍ രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam