
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി മൂന്ന് ദിവസം പിന്നിട്ടിട്ടും പോളിംഗ് ശതമാനം ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പി.വി. അൻവർ രംഗത്ത്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തസ്സും സുതാര്യതയും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇ-മെയിൽ അയച്ചു.
വോട്ടിംഗ് വിവരങ്ങൾ ലഭ്യമാക്കാൻ പ്രതിപക്ഷ നേതാവിനേക്കാൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്. എന്നാൽ തിരഞ്ഞെടുപ്പ് സുതാര്യമാവണം എന്ന നിർബന്ധം ഇടതുപക്ഷത്തിനില്ല എന്ന രീതിയിലാണ് അവരുടെ നിലപാടെന്ന് അൻവർ കുറ്റപ്പെടുത്തി. പോളിംഗ് കണക്കുകൾക്കായി മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ഇതുവരെ ഒരു പരാതി പോലും നൽകിയിട്ടില്ല എന്നത് സർക്കാരിനെതിരെയുള്ള ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറഞ്ഞ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് പോലും വോട്ടെടുപ്പിന്റെ പിറ്റേദിവസം കണക്കുകൾ ലഭ്യമായിരുന്നു. എന്നാൽ ഇന്ന് എല്ലാ സാങ്കേതിക വിദ്യകളും ഉണ്ടായിട്ടും വിവരങ്ങൾ വൈകുന്നത് അത്ഭുതപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ജനാധിപത്യപരവും സുതാര്യവുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം സ്റ്റാറ്റ്യൂട്ടറി ബോഡിയായ ഇലക്ഷൻ കമ്മീഷനുണ്ടെന്ന് അൻവർ ഓർമ്മിപ്പിച്ചു. പോസ്റ്റൽ വോട്ടിംഗ് വിവരങ്ങൾ ഉൾപ്പെടെ ഉടൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam