
തിരുവനന്തപുരം: വർക്കലയിൽ ഇടവ ഓടയം മിസ്‌കിൻ തെരുവിൽ തെരുവുനായകളെ കെട്ടിയിട്ട ശേഷം ശരീരം ടാറിൽ മുക്കി ക്രൂരത. ഫെബ്രുവരി 20ന് രാവിലെയാണ് നാട്ടുകാർ ദയനീയാവസ്ഥയിൽ നായയെ കണ്ടെത്തിയത്. മൃഗസ്‌നേഹിയായ റഷ്യൻ വനിത പോളിനയും സഹായിയും എത്തിയാണ് നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചത്.
ഈ നായയെ കണ്ടതിന് 200 മീറ്റർ അകലെയായി ഫെബ്രുവരി 25ന് രാവിലെ ടാറിൽ മുക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട നിലയിൽ മറ്റൊരു നായയെയും നാട്ടുകാർ കണ്ടെത്തി. ഇതിനെയും പോളിനയുടെ നേതൃത്വത്തിൽ ചികിത്സിച്ചു. പ്രദേശത്ത് റോഡുപണിക്കായി സൂക്ഷിച്ചിരുന്ന ടാറിൽ സാമൂഹ്യവിരുദ്ധർ നായകളെ മുക്കിയെന്നാണ് നാട്ടുകാരുടെ സംശയം.
നായകളുടെ ശരീരത്തിൽ 70 ശതമാനത്തോളം ടാറിൽ മുങ്ങി. ശരീരത്തിൽ നിന്ന് ടാർ പൂർണമായി ഒഴിവാക്കാനായിട്ടില്ല. ടാറൊഴിച്ചതു കൊണ്ടുണ്ടായ മുറിവിൽ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. പോളിനയുടെ താമസ സ്ഥലത്ത് പാർപ്പിച്ചാണ് ചികിത്സ നൽകുന്നത്. തെരുവ് നായകൾ പോളിനയുടെ സംരക്ഷണയിൽ സുഖം പ്രാപിച്ചു വരുന്നു. സംഭവത്തെക്കുറിച്ച് അയിരൂർ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പോളിന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam