പള്ളിക്കണ്ടിയിലെ ഒരു വീടിന്റെ അടുക്കള പൊളിച്ച് മാരകായുധവുമായി അതിക്രമിച്ചു അകത്തുകയറി യുവതിയുടെ കഴുത്തിലെ റോള്‍ഡ് ഗോള്‍ഡ് പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു

സുല്‍ത്താന്‍ബത്തേരി: കൊലപാതകവും മോഷണവുമുള്‍പ്പടെ കേരളത്തിനകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളിയെ പൊലീസ് സാഹസികമായി പിടികൂടി. തമിഴ്‌നാട് നീലഗിരി തിരുമംഗലം കോളനി വീരമണി(44)യെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളുണ്ട്. പള്ളിക്കണ്ടിയിലെ ഒരു വീട്ടില്‍ യുവതിയുടെ മാല മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീരമണി പള്ളിക്കണ്ടിയിലെ ഒരു വീടിന്റെ അടുക്കള പൊളിച്ച് മാരകായുധവുമായി അതിക്രമിച്ചു അകത്തുകയറി യുവതിയുടെ കഴുത്തിലെ റോള്‍ഡ് ഗോള്‍ഡ് പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. യുവതി നിലവിളിച്ചതോടെ വീട്ടുകാര്‍ ഉണര്‍ന്നു. ഈ സമയം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

വീട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പരിസരം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, ബത്തേരി നഗരത്തിന് സമീപമുള്ള മണിച്ചിറ പ്രദേശത്തും മോഷണശ്രമം നടന്നതറിഞ്ഞ് അവിടെയും പൊലീസ് പരിശോധന നടത്തി. മണിച്ചിറ-പൂമല റോഡിന്റെ അടുത്തുള്ള പറമ്പിലേക്ക് ഇയാള്‍ ഓടി ഒളിക്കുന്നത് കാണുകയും പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. പൊലീസിന് നേരെ കത്തി വീശിയ ഇയാളെ മതിയായ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം