
കണ്ണൂര്‍: കണ്ണൂർ ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.
ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.
കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam