
തിരുവനന്തപുരം: സ്ത്രീധനം കുറഞ്ഞുപോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപിനെയാണ് അറസ്റ്റുചെയ്തത്. രണ്ടുവര്‍ഷം മുമ്പ് ഭാര്യയെ അതിക്രൂരമായി മര്‍ദിച്ചശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ ദിലീപിനെ കോടതി ശിക്ഷിച്ചിരുന്നു. ഈ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങി ഭാര്യക്കൊപ്പം താമസിച്ച് വരവെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
ജോലിക്ക് പോകുന്നതിന്‍റെ പേരിലായിരുന്നു രണ്ടുവര്‍ഷം മുമ്പുള്ള ക്രൂരമായ മര്‍ദനം. മുഖമാകെ ചോരയിലൊപ്പിച്ച് നില്‍ക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ദിലീപ് തന്നെയാണ് അന്ന് മൊബൈലില്‍ ചിത്രീകരിച്ചത്. മദ്യപിച്ച് വീട്ടിലെത്തിയ ശേഷമായിരുന്നു ഓട്ടോ ഡ്രൈവറായ ദിലീപ് ഭാര്യയെ ക്രൂരമായി ഇടിച്ചത്. ഈ കേസില്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ ഭാര്യയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും മര്‍ദനം.
സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണം പറഞ്ഞായിരുന്നു അക്രമം. മദ്യപിച്ചെത്തിയ ദിലീപ്, ഭാര്യയുടെ തല ഭിത്തിയിലിടിപ്പിച്ച് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. മർദ്ദനം സഹിക്കാതെ വന്നതോടെ യുവതി മലയിൻകീഴ് പോലീസിൽ പരാതി നല്‍കി. വധശ്രമത്തിന് വീണ്ടും കേസെടുത്തു. ഒളിവിൽ പോയ പ്രതിയെ രണ്ടാംദിനം അന്വേഷണസംഘം പിടികൂടുകയായിരുന്നു. കാട്ടാക്കട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Read More : വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം: രണ്ട് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് വേണം, മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam