
കോഴിക്കോട്: ഭാരതീയ ശാസ്ത്ര ഗവേഷണരംഗത്തെ പ്രമുഖനും ഗ്രന്ഥകാരനും സംസ്‌കൃത പണ്ഡിതനുമായ ഭാരതീയ സംസ്‌കൃതി സേവാരത്‌നം ഡോ. ചേക്രക്കല്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി (93) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പത് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ അശോകപുരത്തെ ശ്രീപദം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: പരേതയായ കുടുംബക്കാട്ട് ഉമാദേവി അന്തര്‍ജ്ജനം. മക്കള്‍: മീര, ഡോ. സി. ശ്രീകുമാരന്‍ (സംസ്‌കൃത വിഭാഗം മേധാവി, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്). മരുമക്കള്‍: താമരക്കുളം ദിവാകരന്‍ നമ്പൂതിരി (റിട്ട. ബി.എസ്.എന്‍.എല്‍), ഡോ. പി.എം. മിനി (ഗണിത ശാസ്ത്ര വിഭാഗം മേധാവി, എംഎഎംഒ കോളേജ്, മുക്കം). സഹോദരങ്ങള്‍: പരേതരായ ശങ്കരന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, കേശവന്‍ നമ്പൂതിരി, ഉണ്ണിമായ അന്തര്‍ജ്ജനം, മാധവി അന്തര്‍ജ്ജനം, പാര്‍വതി അന്തര്‍ജ്ജനം.
ഹൈസ്‌കൂള്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കരുവാരക്കുണ്ട് ഗവ. ഹൈസ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ജോലി ചെയ്തു. മീഞ്ചന്ത ഗവ. ഹൈസ്‌കൂളില്‍ നിന്ന് 1981ല്‍ വിരമിച്ച ശേഷം 1987 മുതല്‍ പന്ത്രണ്ടര വര്‍ഷത്തോളം കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃത വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഭാരതീയ ശാസ്ത്രചിന്ത, ഗണിതം, പ്രപഞ്ച വിജ്ഞാനീയം, രസതന്ത്രം, മനോവിജ്ഞാനീയം, ആര്‍ഷ ശാസ്ത്രജ്ഞന്മാര്‍, കൊയ്ത്തുപാടത്തില്‍ (കവിതാ സമാഹാരം) തുടങ്ങി ഇരുപത്തിയഞ്ചോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
കേരള സര്‍ക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 1993 ലെ ഡോ. എസ്. വാസുദേവ അവാര്‍ഡ്, 2005 ലെ സ്വദേശി ശാസ്ത്ര പുരസ്‌കാരം, ഡല്‍ഹി ഭാരതീയ വിദ്യാഭ്യാസ വികസന കേന്ദ്രം സംഗമഗ്രാമ മാധവ ഗണിത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam