
കടുത്തുരുത്തി: തീരാനോവായി കൊട്ടാരക്കരയില്‍ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്ന യുവാവിന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ വീടിന് മുന്നിലെ ബോര്‍ഡ്. കോട്ടയം കടുത്തുരുത്തി സ്വദേശിയായ വ്യവസായിയായ മോഹന്‍ ദാസിന്‍റെയും വസന്തകുമാരിയുടേയും ഏകമകളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കടുത്തുരുത്തിയിലെ മുട്ടുച്ചിറയിലെ പട്ടാളം മുക്കിലാണ് യുവ ഡോക്ടറുടെ വീട്. ഇവിടേക്ക് എത്തുന്നവരുടെ ശ്രദ്ധയില്‍ ആദ്യം വരിക ഗേറ്റിലെ വന്ദനയുടെ പേരിലുള്ള ബോര്‍ഡാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൌസ് സര്‍ജന്‍സി ചെയ്യുന്ന മകള്‍ക്കായി ചെയ്ത നെയിം ബോര്‍ഡ് വിവരമറിഞ്ഞ് ഇവിടേക്ക് എത്തുന്നവരില്‍ വലിയ വേദനയാണ് നല്‍കുന്നത്.
ഡോക്ടർ വന്ദനക്ക് അഞ്ചിലേറെ കുത്തേറ്റു, കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവ്, പ്രതി അധ്യാപകൻ
പൂയപ്പള്ളി സ്വദേശിയും നെടുമ്പനയിലെ യു പി സ്കൂള്‍ അധ്യാപകനുമായ കുടവട്ടൂര്‍ ശ്രീ നിലയത്തില്‍ സന്ദീപാണ് യുവ ഡോക്ടറെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് വന്ദനയ്ക്ക് ഏറ്റത്. സര്‍ജിക്കല്‍ ഉപകരണം വച്ചുള്ള ആക്രമണമാണ് യുവ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചത്. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൈ വിലങ്ങ് പോലുമില്ലാതെയാണ് സന്ദീപിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.
പുലര്‍ച്ചെ നാല് മണിയോടെയാണ് സന്ദീപിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്. വീട്ടിലുണ്ടാക്കിയ അക്രമത്തില്‍ കാലിനേറ്റ പരിക്കിന് ചികിത്സ നല്‍കാനായിരുന്നു ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സന്ദീപ് അക്രമാസക്തനാവുമ്പോള്‍ തടയാനുള്ള ശ്രമങ്ങള്‍ പോലും വേണ്ട രീതിയില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് ദൃക്സാക്ഷികള്‍ പ്രതികരിക്കുന്നത്. ലഹരി ഉപയോഗത്തിന് നിരവധി തവണ ഡി അഡിക്ഷന്‍ സെന്‍ററില്‍ കഴിഞ്ഞിട്ടുള്ള ആള് കൂടിയാണ് സന്ദീപ്. സാധാരണ രോഗിയെ കൊണ്ടുപോരുന്നത് പോലെ സന്ദീപിനെ കൊണ്ടുവന്നതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam