കൊടുംചൂട്; തൃശ്ശൂരില്‍ ഉണക്കാന്‍ വച്ച തേങ്ങ കത്തിക്കരിഞ്ഞു

By Web TeamFirst Published Mar 27, 2019, 5:22 PM IST
Highlights

 തൃശൂർ ജില്ലയിലെ താപനില 23 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വെള്ളാനിക്കരയിലെ മാപിനിയിൽ 40.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

തൃശൂർ: വീടിന്‍റെ ടെറസില്‍ ഉണക്കാന്‍ വച്ച തേങ്ങ വെയിലേറ്റ് കത്തിക്കരിഞ്ഞു. രാവിലെ കൊപ്രയാക്കാനായി ഉണക്കാന്‍ വെച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. കരുമത്ര ആമലത്ത് കൃഷ്ണകുമാറിന്‍റെ വീട്ടിലാണ് സംഭവം. തൃശൂർ ജില്ലയിലെ താപനില 23 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വെള്ളാനിക്കരയിലെ മാപിനിയിൽ 40.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

1996 മാര്‍ച്ച് 24 ന് ആണ് ഇതിന് മുന്‍പ് തൃശൂര്‍ 40 ഡിഗ്രി ചൂടിലെത്തിയത്. ഞായറാഴ്ച 36.9 ഡിഗ്രിയായിരുന്ന ചൂടാണ് പെട്ടെന്ന് വര്‍ധിച്ചത്. സൂര്യാതപത്തിനെതിരെ വ്യാഴാഴ്ച വരെ ജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. പകല്‍ 11 മുതല്‍ 3 വരെ പരമാവധി തുറസ്സായ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി ഇടപഴകുന്ന സാഹചര്യം ഒഴിവാക്കണം. താപനില ഇനിയും ഉയര്‍ന്നാല്‍ നേരിട്ട് വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ പൊള്ളലിന് സമാനമായ നീറ്റല്‍ അനുഭവപ്പെട്ടേക്കാം.

click me!