Latest Videos

കോൺഗ്രസ് കാലുവാരി: കാളികാവ് പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനം നഷ്ടമായി ലീഗ്

By Web TeamFirst Published Nov 16, 2019, 8:20 PM IST
Highlights

യു  ഡി എഫ് ധാരണ പ്രകാരം ലീഗ് അംഗത്തിന് പ്രസിഡന്റാകുന്നതിന് വേണ്ടി കോൺഗ്രസ് അംഗം രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 

കാളികാവ്: കാളികാവ് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ സി.പി.എമ്മിന് അട്ടിമറി വിജയം. രണ്ട് കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ എൻ സൈതാലി വീണ്ടും പ്രസിഡന്റായി. യു ഡി എഫ് അംഗം മുസ്്‌ലിം ലീഗിലെ വി പി എ നാസറിനെ എട്ടിനെതിരെ ഒമ്പത് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സി പി എമ്മിലെ എൻ സൈതാലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 

കോൺഗ്രസിലെ രണ്ട് അംഗങ്ങൾ സി പി എം അംഗത്തിന് വോട്ട് ചെയ്യുകയും ഒരംഗം പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തതോടെയാണ് സി പി എം വിജയം നേടിയത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക യോഗം ചേർന്നത്. 

യു  ഡി എഫ് ധാരണ പ്രകാരം ലീഗ് അംഗത്തിന് പ്രസിഡന്റാകുന്നതിന് വേണ്ടി കോൺഗ്രസ് അംഗം രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് സ്ഥാനാർത്ഥിയായി ലീഗിലെ മുൻ പ്രസിഡന്റായിരുന്ന വി പി എ നാസറും സി പി എം സ്ഥാനാർത്ഥിയായി മുൻ പ്രസിഡന്റായിരുന്ന എൻ സൈതാലിയും മത്സരിച്ചു. കോൺഗ്രസ് അംഗം മുൻ പ്രസിഡന്റായിരുന്ന കെ നജീബ് ബാബുവും പൂങ്ങോട് വാർഡ് മെമ്പർ ഇ കെ മൻസൂറും സി പി എം അംഗത്തിന് വോട്ട് ചെയ്തു. 

പാറശ്ശേരി വാർഡ് മെമ്പർ എം സുഫൈറ യോഗത്തിൽ പങ്കെടുക്കാതെ വിട്ട് നിൽക്കുകയും ചെയ്തു. ഇതോടെ സി പി എം അംഗം എൻ സൈതാലി വിജയിച്ചു. സി പി എമ്മിന് എട്ടും കോൺഗ്രസിന് ആറും ലീഗിന് അഞ്ചും സീറ്റുമാണ് കാളികാവ് ഗ്രാമപഞ്ചായത്തിൽ ഉള്ളത്. 

സി പി എമ്മിലെ ഒന്നാം വാർഡ് മെമ്പർ സി ടി സക്കറിയ്യയുടെ വോട്ട് അസാധുവാകുകയും ചെയ്തു. കാളികാവ് പഞ്ചായത്തിൽ എൻ സൈതാലി ഇത് മൂന്നാം തവണയാണ് പ്രസിഡന്റാകുന്നത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സി പി എം പ്രവർത്തകർ കാളികാവിൽ പ്രകടനം നടത്തി.

click me!