
തൃശൂര്‍: ബാറിലെത്തി മദ്യവും ഭക്ഷണവും കഴിച്ച ശേഷം പണം നൽകാതെ മുങ്ങിയ വിരുതനെ അന്വേഷിക്കുകയാണ് കാഞ്ഞാണി ബാറിലെ ജീവനക്കാർ. സിംല ബാറിലെ ജീവനക്കാരൻ മജീദിനെ പറ്റിച്ചാണ് യുവാവ് മുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നരക്കാണ് യുവാവ് മദ്യപിക്കാനായി കാഞ്ഞാണിയിലുള്ള ബാറിലെത്തുന്നത്. ബാറിലെ സപ്ലയർ ആയ മജീദ് ആവശ്യത്തിന് മദ്യം വിളമ്പി.
എം സി ബ്രാൻഡിലുള്ള മദ്യം ഓരോ പെഗ് വീതം യുവാവ് കുടിച്ചു. സോഡയും ഒരു എഗ്ഗ് ചില്ലിയും ഓർഡർ ചെയ്തു. ഉച്ചക്ക് ഒരു മണിയായി. ഇതിനിടെ യുവാവ് അഞ്ച് പെഗ് മദ്യം അകത്താക്കി. ഊണ് കഴിക്കാനുള്ള സമയം അടുത്തതോടെ മജീദ് മറ്റൊരു സപ്ലയറെ ഏൽപ്പിച്ച് പോയി. തിരിച്ചു വന്നിട്ടും യുവാവ് എണീറ്റ് പോയിട്ടില്ല. ബില്ല് കൊടുത്തപ്പോൾ കൂട്ടുകാർ ആരോ വരുമെന്നായിരുന്നു മറുപടി. മണിക്കൂറുകൾ കഴിഞ്ഞു.
രാത്രി ഏഴു മണിയായിട്ടും യുവാവ് പറഞ്ഞ ആരും എത്തിയില്ല. കയ്യിൽ ഫോണോ സാധനങ്ങളോ യുവാവിന് ഉണ്ടായിരുന്നില്ല. ഇതോടെ കാശ് പിന്നീട് കൊണ്ട് വന്ന് തരാമെന്നായി യുവാവ്. കുന്നംകുളം കുരിശുപള്ളി സ്വദേശി ദേവൻ എന്ന വിലാസവും കൊടുത്തു. ബാറിൽ കൊടുക്കാനുള്ള 535 രൂപ അടുത്ത ദിവസം കൊണ്ട് തരാമെന്ന് പറഞ്ഞു. വിശ്വാസം വരാത്ത ബാർ ജീവനക്കാർ യുവാവ് ഒപ്പിട്ടു നൽകിയ കടലാസും പിടിച്ചുള്ള ഒരു ഫോട്ടോ എടുത്ത് വച്ചു.
പോയ യുവാവ് പിന്നീട് പണവുമായി വന്നില്ല. യുവാവ് കഴിച്ച മദ്യത്തിന്‍റെ പണം ജീവനക്കാരന് സ്വന്തം കയ്യിൽ നിന്ന് ബാറിൽ അടയ്ക്കേണ്ടി വന്നു. ഈ യുവാവിനെ സൂക്ഷിക്കണമെന്നും കണ്ടു കിട്ടുന്നവർ അറിയിക്കണം എന്നും അഭ്യർത്ഥിച്ച് മജീദ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട മറ്റു ചില ബാറുകളിലെ ജീവനക്കാരും സമാന അനുഭവമുണ്ടായതായി മജീദിനെ അറിയിച്ചു. ചിത്രങ്ങളും അയച്ചു കൊടുത്തു. യുവാവിനെതിരെ പൊലീസിൽ പരാതി നല്‍കാൻ ഒരുങ്ങുകയാണ് മജീദും കൂട്ടുകാരും.
'ആയില്യത്തിന് അമ്മയുടെ അനുഗ്രഹം വാങ്ങുന്നത് പതിവ്'; മണ്ണാറശാല ക്ഷേത്രത്തിലെത്തി എ എം ആരിഫ് എംപി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam