Wild Boar : കാട്ടുപന്നിക്കൂട്ടത്തെ തട്ടി ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം: മൃതദേഹവുമായി കർഷക പ്രതിഷേധം

By Web TeamFirst Published Dec 4, 2021, 8:21 PM IST
Highlights
കാട്ടുപന്നികളുടെ ആക്രമണത്തിനിരയായി ചികിൽസയിലിരിക്കെ മരിച്ചയാളുടെ മൃതദേഹവുമായി കർഷക സംഘടനകൾ വനം വകുപ്പ്  ഓഫീസിന് മുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ചു

താമരശ്ശേരി:  കാട്ടുപന്നികളുടെ (Wild Boar) ആക്രമണത്തിനിരയായി ചികിൽസയിലിരിക്കെ മരിച്ചയാളുടെ (death) മൃതദേഹവുമായി കർഷക സംഘടനകൾ വനം വകുപ്പ്  ഓഫീസിന് മുന്നിൽ നടത്തിയ സമരം (Farmers protest) അവസാനിപ്പിച്ചു. നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു ഒരാഴ്ചക്കുള്ളിൽ വിതരണം ചെയ്യാമെന്ന ഉറപ്പിനെ തുടർന്നാണ് റോഡ് ഉപരോധമടക്കം ഒരു മണിക്കൂർ നീണ്ട സമരം അവസാനിപ്പിച്ചത്..  മരണപ്പെട്ട കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദിൻ്റ (46) മൃതദേഹമുള്ള അംബുലൻസുമായി കർഷകർ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് ഫോറസ്റ്റ് ഓഫീസിന് മുൻപിലെ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയും കർഷകർ ഉപരോധിച്ചു. 

മരണപ്പെട്ട റഷീദിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു കർഷക പ്രതിഷേധം. കർഷക നേതാക്കൾ ആർ.എഫ്.ഒ. യുമായി ചർച്ചയെ തുടർന്നാണ് പ്രതിഷേധ അവസാനിപ്പിച്ചത്. ഒരാഴ്ചക്കുള്ളിൽ നഷ്ട പരിഹാരത്തിൻ്റെ ആദ്യഗഡു നൽകാമെന്ന് ഉറപ്പ് ഫോറസ്റ്റ് അധികൃതർ നൽകിയതായി കർഷകസംഘടനാ നേതാക്കൾ പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം 3.15 ഓടെയാണ് അംബുലൻസിൽ റഷീദിൻ്റെ മൃതദേഹവുമായെത്തി കർഷകർ പ്രതിഷേധിച്ചത്. നാലരയോടെയാണ് പ്രതിഷേധം അവസാനിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക്, വീഫാം ചെയർമാൻ ജോയ് കണ്ണഞ്ചിറ, സംയുക്ത കർഷക സമരസമിതി രാജു മുണ്ടന്താനം, സുമിൻ എസ്. നെടുങ്ങയിൽ, ബാബു പുതു പറമ്പിൽ, മജീഷ് മാത്യു, കെ.വി. സെബാസ്റ്റ്യാൻ, കുഞ്ഞാലി, ലീലാമ്മ, ടിസിലി ടീച്ചർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. 

പ്രതിഷേധക്കാരുമായി താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ രാജീവ് കുമാർ, താമരശ്ശേരി തഹസിൽദാർ സി. സുബൈർ എന്നിവർ ചർച്ച നടത്തി. കോഴിക്കോട് ഡി.എഫ്.ഒ ഫോണിൽ നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചെതെന്നും കർഷക സംഘടനാ ഭാരവാഹികൾ. കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ ഒക്ടോബർ ആറിന് രാത്രി 10.30 ന് ആണ് കാട്ടുപന്നിക്കൂട്ടം റോഡിനുകുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് റഷീദിന് ഗുരുതരമായി പരിക്കേൽക്കുന്നത്.  താമരശ്ശേരിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് റഷീദും കുടുംബവും ഓട്ടോയിൽ മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയത്.

 പന്നികൾ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഒട്ടോറിക്ഷ റോഡിൽ നിന്നും മൂന്ന് മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു റഷീദിന്റെ മകളും എരപ്പാൻതോട് കുരുടിയത്ത് ദിൽഷാദിന്റെ ഭാര്യയുമായ റിന(21), മകൾ ഷെഹ്സാ മെഹ്റിൻ(2) എന്നിവർക്കും പരുക്കേറ്റിരുന്നു. തലക്ക് സാരമായി പരുക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.  ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് റഷീദ് മരിച്ചത്.റഷീദിൻ്റെ ഖബറടക്കം ഇന്ന് വൈകിട്ട് ആറരയോടെ അത്തിയോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

click me!