പേരമകൻ വാഹനാപകടത്തിൽ മരിച്ചു: വിവരമറിഞ്ഞ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

By Web TeamFirst Published Dec 4, 2021, 8:01 PM IST
Highlights

പേരമകൻ വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് എത്തിയ മുത്തച്ഛൻ  കുഴഞ്ഞുവീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുല്ലക്കുട്ടി ഹാജി (65) ആണ് മരിച്ചത്. 

മലപ്പുറം: പേരമകൻ വാഹനാപകടത്തിൽ (Bike accident) മരിച്ചതറിഞ്ഞ് എത്തിയ മുത്തച്ഛൻ  കുഴഞ്ഞുവീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുല്ലക്കുട്ടി ഹാജി (65) ആണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് (Parakkadavu) സ്വദേശി കുന്നത്തേരി ശഹനാദ് (20) ഇന്നലെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞ് മുന്നിയൂർ പറക്കടവിൽ മകളുടെ വീട്ടിലെത്തിയ അബ്ദുല്ലക്കുട്ടി ഹാജി ഏറെ ദുഃഖിതനായിരുന്നു.  

ഇതിനിടെ ദേഹസ്വാസ്ത്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. മൃതദേഹം കാലത്ത് പന്തരങ്ങാടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. കുന്നത്തേരി അബ്ദുവിന്റെ മകനായ ശഹനാദ് വെള്ളിയാഴ്ച രാത്രി 9.30ന് ചെമ്മാട് കോഴിക്കോട് റോഡിൽ ദുബായ് ഗോൾഡ് സൂക്കിന് മുമ്പിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. 

സ്‌കൂട്ടറിൽ ചെമ്മാട് നിന്ന് വരുന്നതിനിടെ ടർഫിൽ നിന്ന് ഇറങ്ങിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മുന്നിയൂർ ആലിൻ ചുവട് ബേക്കറിയിൽ ജീവനക്കാരനാണ് ശഹനാദ്.

Read more: Domestic Violence : ഭർത്താവ് പീഡിപ്പിക്കുന്നു, പരാതിയിൽ പൊലീസ് നടപടിയെക്കുന്നില്ല; ആരോപണവുമായി യുവതി

വാക്കുതർക്കം: മക്കരപ്പറമ്പിൽ സഹോദരീ ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു

മലപ്പുറം: മക്കരപ്പറമ്പിൽ സഹോദരീ ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു. കുറുവ വറ്റലൂർ സ്വദേശിതുളുവത്ത് ജാഫർ (36) ആണ് മരിച്ചത്. ജാഫർ ഭൂമിക്കച്ചവടം നടത്തി വരികയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചാതാണെന്നാണ് സൂചന. 

കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ കൊളത്തൂർ, മങ്കട പോലീസ് സ്റ്റേഷനുകളുടെ അതിർത്തിയായ മക്കരപ്പറമ്പ് അമ്പലപ്പടി-വറ്റലൂർ റോഡിൽ ചെറുപുഴക്കു കുറുകെയുള്ള ഇപ്പാത്ത്പടി പാലത്തിൽ വെച്ചാണ് ജാഫറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യാ സഹോദരൻ വെസ്റ്റ് കോഡൂർ സ്വദേശി തോരപ്പ അബ്ദുറൗഫ് (41) ആണ് വെട്ടിയത്. 

ഇയാൾ മറ്റൊരു മോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി ഭാഗത്തേക്ക് വാഹനത്തിൽ പോകുകയായിരുന്ന ജാഫറിനെ കാറിലെത്തിയ ബന്ധുവായ റൗഫ് തടഞ്ഞു നിർത്തുകയും തുടർന്ന് ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. 

ഏറ്റുമുട്ടുന്നതിനിടെ പരുക്കേറ്റ അബ്ദുറൗഫ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടക്കുന്നതിനിടെ കൊല്ലപ്പെട്ട ജാഫർ പാലത്തിനു മുകളിൽ നിന്ന് താഴേക്ക് വീണിരുന്നു. ഇതുവഴി വന്ന ബന്ധുവാണ് ഇയാളെ കരക്കെത്തിച്ചത്.  മരണപ്പെട്ട വ്യക്തിയുടെ ബന്ധുവിന്റെ പരാതി പ്രകാരം  പ്രതിയായ  അബ്ദു റൗഫിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നതായി പൊലീസ് പറഞ്ഞു.

click me!