
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഉറുമിയിൽ ഇന്നലെ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇരവഞ്ഞിപ്പുഴയിൽ താഴെ തിരുവമ്പാടി കല്പായികടവിനു സമീപത്ത് നിന്നുമാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് ഒഴുക്കില്‍പ്പെട്ട ഹാനി റഹിമാന്റെ (17) മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് ഹാനി റഹ്മാന്‍ ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയതോടെ തിരച്ചില്‍ നിർത്തിവെച്ചു. ഇന്ന് രാവിലെ മുതൽ മൃതദേഹത്തിനായി വീണ്ടും തിരച്ചിൽ നടത്തിവരികയായിരുന്നു. മുക്കം ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു തെരച്ചിൽ. തിരുവമ്പാടി പൊലീസും സമീപ പ്രദേശങ്ങളിലെ വിവിധ സന്നദ്ധ സേന ഗ്രൂപ്പുകളും തിരച്ചിലിൽ പങ്കെടുത്തിരുന്നു.
തിരുവമ്പാടി പോലീസ് സർക്കിൾ ഇൻസ്പെകടർ ഷജു ജോസഫ്, താമരശ്ശേരി താലൂക്ക് തഹസിൽദാർ സി. മുഹമ്മദ് റഫീഖ് തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിലിന് നേതൃത്വം നൽകി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam