
കോഴിക്കോട്: ഫറോക്കിൽ പ്രവർത്തിക്കുന്ന റെഡ് ക്രസന്‍റ് ഹോസ്പിറ്റലിൽ അനധികൃതമായി രക്തം ശേഖരിച്ച് രോഗികൾക്ക് നൽകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം ആശുപത്രിയിൽ പരിശോധന നടത്തി. പരിശോധനയിൽ രക്തം ശേഖരിക്കുന്നതിന് വേണ്ടി സ്ഥാപനത്തിൽ സൂക്ഷിച്ച ബ്ലഡ് ബാഗുകളും സ്ഥിരമായി അനധികൃത രക്തശേഖരണവും ഉപയോഗവും നടത്തുന്നതുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത രേഖകളും, ബ്ലഡ് ബാഗുകളും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് മുമ്പാകെ സമർപ്പിച്ചു.
രക്തശേഖരണവും രക്തഘടകങ്ങളുടെ വേർതിരിക്കലും നടത്തേണ്ടത് അംഗീകാരമുള്ള രക്തബാങ്കുകളിൽ മാത്രമാണെന്ന് നിയമം അനുശാസിക്കുന്നു. ഇപ്രകാരമുള്ള രക്തബാങ്കുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് കേന്ദ്ര - സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംയുക്ത പരിശോധന നടത്തി, ആവശ്യമായ സജ്ജീകരണങ്ങളുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ്. ഇത്തരത്തില്‍ ലൈസൻസ് അനുവദിച്ച സ്ഥാപനങ്ങളിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് എല്ലാ വർഷങ്ങളിലും പരിശോധനകൾ നടത്തി ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്.
രക്ത ബാങ്കുകളിലൂടെ അല്ലാതെ രക്തം ശേഖരിച്ച് രോഗികൾക്ക് നൽകുന്നത് മൂലം വിവിധ രോഗങ്ങളുടെ പകർച്ചവ്യാതിക്ക് കാരണമാകാനുള്ള സാധ്യത ഏറെയാണ്. ആവശ്യമായ സജ്ജീകരണങ്ങൾ ഇല്ലാതെയും പരിശോധനകൾ നടത്താതെയും രക്തം ശേഖിക്കുന്നതും നൽകുന്നതും മൂലം രോഗികളിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ റിയാക്ഷൻ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നു. ഇത് രോഗികളുടെ മരണത്തിന് തന്നെ കാരണമാകുന്നതാണ്. ഇതിനാൽ സ്ഥാപനത്തിനെതിരെ അന്വേഷണം പൂർത്തിയാക്കി എത്രയും പെട്ടെന്ന് കേസ് ഫയൽ ചെയ്യുന്നതാണെന്ന് കോഴിക്കോട് അസിസ്റ്റന്‍റ് ഡ്രഗ്സ് കൺട്രോളർ ഷാജി.എം.വർഗ്ഗീസ് അറിയിച്ചു. റീജ്യണൽ ഡ്രഗ്സ് ഇൻസ്പെക്ടറായ ബെന്നി മാത്യുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഡ്രഗ്സ് ഇന്‍റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ ഷിനു.വി.കെ, ഡ്രഗ്സ് ഇൻസ്പെക്ടർമാരായ നൗഫൽ സി.വി, നീതു.കെ, ശാന്തികൃഷ്ണ.യു തുടങ്ങിയവർ പങ്കെടുത്തു.
കൂടുതല്‍ വായനയ്ക്ക്: തിരുവനന്തപുരം മെഡിക്കൽ കോളേജ്; അവയവ മാറ്റ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അനധികൃത നിയമനം എന്ന് പരാതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam