
മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വന്ന ദമ്പതികളടക്കം മൂന്ന് പേരെ എക്‌സൈസ് പിടികൂടി. മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല(26), ബന്ധുവായ മൊറയൂര്‍ കീരങ്ങാട്ടുപുറായ് അബ്ദുര്‍ റഹ്മാന്‍(56), ഇയാളുടെ ഭാര്യ സീനത്ത് (50) എന്നിവരാണ് 75 കിലോ കഞ്ചാവും 52 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായത്.
ഉബൈദുല്ലയുടെ ബൈക്കില്‍ നിന്ന് എം ഡി എം എയും അബ്ദുര്‍ റഹ്മാന്റെ വീട്ടില്‍നിന്ന് കഞ്ചാവുമാണ് പിടിച്ചെടുത്തത്. അബ്ദുര്‍റഹ്മാന്റെ വീട്ടില്‍ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ വലയിലാക്കിയത്. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് പുതുതലമുറയും മയക്കുമരുന്നുകള്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
വയനാട്ടില്‍ തുടല്‍ വെച്ച് മാന്‍വേട്ട നടത്തിയ സംഘാംഗം പിടിയില്‍
കൽപ്പറ്റ (വയനാട്): പെരിക്കല്ലൂര്‍ പാതിരി വനത്തില്‍ തുടല്‍ (കയറോ കേബ്‌ളോ ഉപയോഗിച്ചുള്ള കെണി) വെച്ച് പുള്ളിമാനെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. പെരിക്കല്ലൂര്‍ കാട്ടുനായ്ക കോളനിയിലെ ഷിജു(45) ആണ് വനപാലക സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും പാകം ചെയ്തതും ഉണക്കി സൂക്ഷിച്ചതുമായ ഇറച്ചി, വേട്ടയ്ക്കുപയോഗിക്കുന്ന സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു.
പെരിക്കല്ലൂര്‍ കേന്ദ്രീകരിച്ചുള്ള വന്യമൃഗ വേട്ട സംഘത്തിലെ അംഗമാണ് ഷിജുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സംഘം അതിര്‍ത്തി വനപ്രദേശത്ത് നടത്തിയ മൃഗ വേട്ടകളെക്കുറിച്ചും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എല്ലാ സംഭവങ്ങളും വിശദമായി അന്വേഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ചെതലയം റേഞ്ച് ഓഫീസര്‍ കെ.പി. അബ്ദുല്‍ സമദ്, ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ പി.പി. മുരളിധരന്‍, ഫോറസ്റ്റര്‍മാരായ കെ.യു. മണികണ്ഠന്‍, എ.കെ. സിന്ധു, ബി.എഫ്.ഒമാരായ താരാനാഥ്, ഇ.പി. ശ്രീജിത്ത്, അജിത്ത്കുമാര്‍, സതീശന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More : മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പശുവിന്‍റെ കൊമ്പ് മുറിച്ച് ദ്രോഹം, പൊലീസ് അന്വേഷണം തുടങ്ങി