
മലപ്പുറം: പഴയ കാറുകളുടെ വില്‍പ്പന മറയാക്കി രാസലഹരി വില്‍പ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനി 101.57 ഗ്രാം എംഡിഎംഎയും ലഹരിവില്‍പ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 3.60 ലക്ഷം രൂപയുമായി പിടിയില്‍. പറപ്പൂര്‍ പുഴച്ചാല്‍ കല്ലക്കയം റോഡില്‍ ചിറയില്‍ ദില്‍രാജ് എന്ന ദിലു (38) ആണ് പൊലീസിന്റെ പിടിയിലായത്. മലപ്പുറം ഡാന്‍സാഫും വേങ്ങര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
മലപ്പുറം, കോട്ടക്കല്‍, വേങ്ങര, കൂരിയാട്, ഇരിങ്ങല്ലൂര്‍ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരിവില്‍പ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ദില്‍രാജെന്ന് പൊലീസ് പറഞ്ഞു. സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഒരാഴ്ച മുമ്പ് വള്ളുവമ്പ്രം ചീനിക്കലില്‍നിന്ന് ദില്‍രാജിന്റെ അമ്മാവന്‍ മനോജിനെയും സംഘത്തെയും 357 ഗ്രാം എംഡിഎംഎയുമായി മലപ്പുറം ഡാന്‍സാഫ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തുടര്‍ അന്വേഷണമാണ് ദില്‍രാജിലേക്ക് എത്തിയത്. സംഘത്തിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പ്രത്യേക പരിശോധന നടത്തുകയായിരുന്നു.
ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട കേസില്‍ ദില്‍രാജ് നേരത്തേ വിദേശത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലയില്‍ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിവില്‍പ്പന ശൃംഖലയിലെ കൂടുതല്‍ കണ്ണികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. മലപ്പുറം ഡിവൈഎസ്പി അനില്‍, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സുനില്‍കുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം വേങ്ങര എസ്എച്ച്ഒ മന്‍സൂറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്‌ഐ രഞ്ജിത്ത്, എഎസ്‌ഐ സംഗീത, സിപിഒ സനല്‍, ഡാന്‍സാഫ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, പി. മുഹമ്മദ് സലീം, കെ.കെ. ജസീര്‍, വി.പി. ബിജു, ആര്‍. രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam