ലഹരി വിളയുന്ന അതിര്‍ത്തി ഗ്രാമങ്ങള്‍; ഇരകളായി ആദിവാസി കുടുംബങ്ങള്‍

By Web TeamFirst Published Nov 25, 2018, 11:14 PM IST
Highlights

കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചാരായവാറ്റും നടക്കുന്നുണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങള്‍ തെരഞ്ഞെടുത്താണ് ചാരായ വാറ്റ്

കല്‍പ്പറ്റ: കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ് പുല്‍പ്പള്ളിക്കടുത്ത പെരിക്കല്ലൂര്‍, മരക്കടവ്, കൊളവള്ളി തുടങ്ങിയ പ്രദേശങ്ങള്‍. ഇവിടുത്തെ മിക്ക ഗ്രാമങ്ങളെയും കര്‍ണാടകയുമായി അതിര്‍ത്തി തിരിക്കുന്നത് കബനിപ്പുഴയാണ്. പുഴ കടന്നാല്‍ എത്തുന്നത് യഥേഷ്ടം ലഹരി ലഭിക്കുന്ന ബൈരക്കുപ്പ, മച്ചൂര്‍ തുടങ്ങിയ കര്‍ണാടക ഗ്രാമങ്ങള്‍.

ഇവിടങ്ങളിലേക്കാണ് പെരിക്കല്ലൂരിലെയും അടുത്ത പ്രദേശങ്ങളിലെയും ആദിവാസി യുവാക്കള്‍ ലഹരിക്കായി ദിവസവും പോകുന്നത്. നദിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളില്‍ ലഹരി ഉപയോഗം വ്യാപകമായിരിക്കുന്നതിന് പ്രധാന കാരണം ഏത് സമയത്തും ലഹരി കിട്ടാന്‍ വഴിയുണ്ട് എന്നതിനാല്‍ മാത്രമാണെന്ന് ഈ മേഖലയിലെ പൊതുപ്രവര്‍ത്തകര്‍ പറയുന്നു.

കഞ്ചാവ്, വ്യാജമദ്യം എന്നിവയുടെ വില്‍പ്പന കോളനികള്‍ കേന്ദ്രീകരിച്ച് നടക്കുന്നതായും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. വില്‍പ്പനക്കാര്‍ അധികവും പുറത്ത് നിന്നുള്ളവരാണ്. കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചാരായവാറ്റും നടക്കുന്നുണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.

പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങള്‍ തെരഞ്ഞെടുത്താണ് ചാരായ വാറ്റ്. മിക്ക ദിവസങ്ങളിലും പല വീടുകളിലും മദ്യപര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങളും അടിപിടിയും പതിവാണത്രേ. മദ്യപര്‍ സഞ്ചരിക്കുന്ന തോണിമറിഞ്ഞുള്ള അപകടങ്ങളും പതിവാണ്. രണ്ട് മാസം മുമ്പ് ആദിവാസി വയോധികന്‍ കുട്ടത്തോണി മറിഞ്ഞ് മരിച്ചിരുന്നു.

ഇയാള്‍ കര്‍ണാടകയില്‍ മദ്യപിക്കാനായി പോയെന്നാണ് പിന്നീട് ലഭിച്ച വിവരം. കഞ്ചാവ് കടത്ത് വ്യാപകമായതിനെ തുടര്‍ന്ന് മൂന്ന് മാസത്തിനിടെ പത്ത് പേരാണ് പുല്‍പ്പള്ളി, പെരിക്കല്ലൂര്‍ പ്രദേശങ്ങളിലായി പിടിക്കപ്പെട്ടത്. ഇതില്‍ കൂടുതലും യുവാക്കളായിരുന്നു. മാത്രമല്ല പലരും ആദിവാസി യുവാക്കളെ ലക്ഷ്യം വെച്ചായിരുന്നു ലഹരി കടത്തിയിരുന്നത്. ചേകാടി പെരിക്കല്ലൂര്‍ വഴി കഞ്ചാവ് എത്തിച്ച് ടൗണ്‍ കേന്ദ്രീകരിച്ച് വില്‍ക്കുന്നവരും പിടിയിലായിരുന്നു.

കര്‍ണാടകയില്‍ നിന്ന് മദ്യമെത്തിച്ച് കൂടിയ വിലക്ക് വില്‍ക്കുന്ന സംഘങ്ങളുമുണ്ട്. എല്ലാവരുടെയും പ്രധാന ഇരകള്‍ ആദിവാസികളാണ്. കോളനികളില്‍ സ്ഥിരമായി ലഹരിക്കടിപ്പെടുന്നവരെ നിരീക്ഷിച്ചാല്‍ ഇതിന് പിന്നിലുള്ളവരെ പിടികൂടാന്‍ സാധിക്കുമെന്നാണ് മേഖലയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. ലഹരിമാഫിയയുടെ ഭീഷണി കാരണം സാധാരണക്കാര്‍ക്ക് ഇടപെടാന്‍ കഴിയാത്തതും ഇത്തരം സംഘങ്ങളുടെ വളര്‍ച്ചക്ക് കാരണമാണെന്നും ഇവര്‍ പറഞ്ഞു.

click me!