
കാസർകോട് : കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘം. ഇന്നലെ രാത്രി നടത്തിയ ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. തോക്ക് ചൂണ്ടിയതായും ചുറ്റിക കൊണ്ട് അടിച്ചെന്നും പരിക്കേറ്റവര്‍ പറഞ്ഞു. പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കളെ നാലംഗ സംഘമാണ് ആക്രമിച്ചത്. വാഹനം ഇടിപ്പിച്ച് കൊല്ലാനുള്ള ശ്രമവുമുണ്ടായി. ലഹരിമുക്ത ജാഗ്രതാ സമിതി പ്രവര്‍ത്തകരായ ഷറഫുദ്ദീന്‍, അബ്ദുല്‍ സമദ്, ജുനൈഫ് എന്നിവര്‍ പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അഫ്സല്‍ എന്നയാള്‍ തോക്ക് ചൂണ്ടിയെന്നും നൗഷാദ് ചുറ്റിക കൊണ്ട് അടിച്ചെന്നും യുവാക്കള്‍ വ്യക്തമാക്കി.
സ്കൂള്‍ പരിസരത്തുള്ള ലഹരി സംഘങ്ങള്‍ക്കെതിരെ നാട്ടുകാരുടെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു. സമീപത്ത പള്ളിക്കമ്മറ്റിയും ശക്തമായി രംഗത്തെത്തി. മയക്കുമരുന്ന് വില്‍പ്പനക്കാരെ മഹല്ലില്‍ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടേയുള്ള നടപടികളുണ്ടായി. ഇതോടെ പ്രദേശം ലഹരി മുക്തമായിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോഴത്തെ ആക്രമണം.
അജാനൂര്‍ കടപ്പുറം സ്വദേശിയായ നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ളതാണ് യുവാക്കള ഇടിക്കാന്‍ ശ്രമിച്ച ഹരിയാനയില്‍ രജിസ്റ്റർ ചെയ്ത പജീറോ. സംഭവ സ്ഥലത്ത് നിന്ന് ഇയാളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. മറ്റ് മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
read more കെടിയു വിസി നിയമനം : ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഗവർണർ
read more ജസ്ന തിരോധാനത്തിൽ വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ; പോക്സോ തടവുകാരന്റെ നിർണായക മൊഴി സിബിഐക്ക്