
കണ്ണൂര്‍: മദ്യലഹരിയിൽ യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. മാഹി പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന സ്ത്രീ ഓടിച്ച കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം.
വടക്കുമ്പാട് കൂളിബസാറിലെ റസീന [29] എന്ന യുവതിയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി സ്ഥലത്തെത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു.
പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു. ഇതോടെ നാട്ടുകാര്‍ പന്തക്കൽ പൊലീസിൽ വിവരമറിയിച്ചു. ഇതോടെ എസ്.ഐ. പി.പി. ജയരാജൻ, എ.എസ്.ഐ.എ.വി.മനോജ് കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പന്തക്കൽ പൊലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.യുവതിയുടെ പേരിൽ പന്തക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam