
കാട്ടാക്കട: വാഹനപരിശോധനക്കിടെ പിടിച്ചെടുത്ത ബൈക്ക് തിരികെ ആവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യ ഭീഷണി. രാത്രിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോയയാൾ പിന്നീട് തിരിച്ചെത്തി ബൈക്കാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. കാട്ടാക്കട മുളയങ്കോട് സ്വദേശി ബാബു എന്ന സുരേഷ്(42 ) ആണ് സ്റ്റേഷൻ വളപ്പിലെ മരത്തിൽ കയറി പൊലീസിനെ വട്ടംചുറ്റിച്ചത്.
ഭീഷണിയുമായി ഒരു മണിക്കൂറോളം മരത്തിൽ തന്നെ നിന്ന സുരേഷിനെ ഒടുവിൽ പൊലീസ് തന്നെ അനുനയിപ്പിച്ച് താഴെയിറക്കി. പിന്നീട് കേസ് എടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രി വൈകുന്നേരം ആറുമണിയോടെ നടന്ന സംഭവത്തിന് പരിസമാപ്തി രാത്രി 11 മണിയോടെയാണ് ആയത്. കാട്ടാക്കടയിലെ ബാർ ഹോട്ടലിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈക്കിലെത്തിയ സുരേഷിനെ പൊലീസ് കൈകാണിച്ചു നിർത്തി. എന്നാൽ സുരേഷ് പൊലീസിനെ കണ്ട് ബൈക്ക് നിർത്തി, പിന്നാലെ പൊലീസുകാരെ തട്ടിമാറ്റി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ഇതിനിടെ സമീപത്തെ ചെളിക്കുണ്ടിൽ വീണെങ്കിലും പൊലീസ് പിന്നാലെ ഓടിയെത്തി ചതുപ്പിൽ ചാടി ഇയാളെ കരയ്ക്ക് എത്തിക്കാൻ ശ്രമിച്ചു. ഇതോടെ അവിടെ നിന്നും സുരേഷ് പൊലീസിനെ പറ്റിച്ചു ഓടിക്കളഞ്ഞു. ഇതോടെ ഇയാളെ ഉപേക്ഷിച്ച് ബൈക്കുമായി പൊലീസ് സ്റ്റേഷനിലെത്തി. ഇതിനിടയിൽ തിരിച്ചെത്തിയ സുരേഷ് ബൈക്ക് തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ടു. നിയമപരമായ നടപടികള്‍ക്ക് ശേഷം മാത്രമേ ബൈക്ക് വിട്ടു നൽകൂവെന്ന് പൊലീസ് അറിയിച്ചു.
ഇതോടെ ഒരു ബിയറും ഒരു പെഗ്ഗും കഴിച്ച എന്നോട് ഇത് വേണോ ? ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞ് മദ്യലഹരിയിലായിരുന്ന സുരേഷ് മരത്തിൽ കയറുകയായിരുന്നു. ബൈക്ക് വിട്ട് നൽകിയിൽ താഴേക്ക് ചാടി ജീവനൊടുക്കുമെന്നായി ഭീഷണി. ആത്മഹത്യാ ഭിഷണി തുടർന്നതോടെ പൊലീസ്അ നുനയത്തിൽ ഇയാളെ താഴെയിറക്കി ബൈക്ക് തിരിച്ചു നൽകിയ ശേഷം പറഞ്ഞുവിടുകയായിരുന്നു. സുരേഷിനെതിരെ പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചതിന് ഉൾപ്പെടെ കേസെടുത്തിട്ടുണ്ട്.
Read More : പാക്കിസ്ഥാനിൽ 1200 അടി മുകളിൽ കുട്ടികളടക്കം 8 പേർ കേബിൾ കാറിനുള്ളിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു