'ഇത് മില്‍മയല്ല, മേന്മ'; മിൽമയെ പിന്തള്ളി മറുനാടൻ പാൽ സംസ്ഥാനത്ത് വ്യാപകമാവുന്നു

By Web TeamFirst Published Nov 12, 2020, 2:45 PM IST
Highlights

രണ്ടു കമ്പനികളുടെ കവറുകളും ഒറ്റനോട്ടത്തിൽ മിൽമയാണെന്ന് തന്നെയാണ് തോന്നുക. മിൽമയാണെന്ന് തെറ്റിദ്ധരിച്ച് സാധാരണക്കാർ ശ്രദ്ധിക്കാതെ ഇത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.  

നിലമ്പൂർ: കേരളത്തിന്റെ സ്വന്തം മിൽമയെ പിന്തള്ളി മറുനാടൻ പാൽ ഉത്പന്നങ്ങള്‍ സംസ്ഥാനത്ത്  വ്യാപകമാവുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ, മില്‍മ്മ   ബ്രാന്‍ഡിനോട് സമാനമായി മഹിമ, നന്മ തുടങ്ങിയ പേരിലാണ് ഇവ വിപണിയിലെത്തിക്കുന്നത്. പൊതുവെ മിൽമയുടെ സമാനമായ പാക്കിംഗ് കളറും പേര് എഴുതിയതിന്റെ രീതിയും കണ്ടാൽ ഇത് മിൽമ പാൽ തന്നെയെന്ന് തോന്നിപ്പോകും. അത്രക്ക് സാമ്യമുണ്ട്. 

വിപണിയിൽ സുലഭമായിക്കൊണ്ടിരിക്കുന്ന പലതരം പാലുകളും ഗുണമേൻമാ മാനദണ്ഡങ്ങൾ പാലിക്കാതെയും കമ്പനിയുടെ ഉറവിടം വ്യക്തമാക്കാതെയുമാണ് വിപണി കയ്യടക്കുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പാക്കറ്റുകളില്‍ നിര്‍മ്മിക്കുന്നതാരെന്നോ, എവിടെയാണ് ഉത്പാദനമെന്ന വിവരങ്ങളില്ലാതെയും പല ബ്രാന്‍ഡുകളും വിപണിയിലുണ്ട്. വലിയതോതിൽ ലാഭം നൽകുന്ന ഇത്തരം പാൽ പായ്ക്കറ്റുകൾ വിൽക്കുന്നതിലൂടെ വ്യാപാരികളും മറുനാടൻ പാൽ ലോബിയുടെ ഭാഗമാവുകയാണ്. 

മിൽമയാണെന്ന് തെറ്റിദ്ധരിച്ച് കവർപാൽ വാങ്ങി വീട്ടിലെത്തി ഉപയോഗിക്കുമ്പോഴാണ് തങ്ങൾ വാങ്ങിയത് ഒറിജിനൽ മിൽമയല്ലെന്ന് തിരിച്ചറിയുന്നത്. രണ്ടു കമ്പനികളുടെ കവറുകളും ഒറ്റനോട്ടത്തിൽ മിൽമയാണെന്ന് തന്നെയാണ് തോന്നുക. മിൽമയാണെന്ന് തെറ്റിദ്ധരിച്ച് സാധാരണക്കാർ ശ്രദ്ധിക്കാതെ ഇത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.  കവറും, പശുവിന്റെ ചിത്രവും, എഴുത്തും, കവർ കളറും എല്ലാം മിൽമയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്. 

മിൽമയുടെ അംഗീകൃത ഏജൻസികളല്ലാത്ത മിൽമ വിൽപന നടത്തുന്ന കടകളിലും മറ്റുമാണ് ഇവ ഇടകലർന്നു വിൽപന നടത്തുന്നത്. പാലിനു പുറമെ തൈരും മിൽമയുടെ അതേ കവർ സാദൃശ്യമുള്ളതാണ്. ഒരു കമ്പനി തിരുവനന്തപുരത്തും, മറ്റൊരു കമ്പനി പന്തളത്തുമാണ് ഡയറി ഫാം നടത്തുന്നത്. ഒറ്റനോട്ടത്തിൽ മിൽമതന്നെയാണെന്നാണ് തോന്നുക. മിൽമ 500 മില്ലിയാണ് എങ്കിൽ മറ്റു രണ്ടും 450 മില്ലിയാണ്. മിൽമയേക്കാൾ ഒരു രുപ കൂടുതലുമാണ്. അതേ സമയം രണ്ടു കമ്പനികളും ലൈസൻസോട് കൂടിതന്നെയാണ് പ്രവർത്തിക്കുന്നത്. കച്ചവടക്കാർക്ക് ഇരു കമ്പനികളും മിൽമയേക്കാൾ കൂടതൽ കമ്മിഷൻ നൽകുന്നുണ്ടെന്നാണ് വിവരം.


 

click me!