
കുമ്പനാട്: എൻഎസ്എസിന്റേയും എസ്എൻഡിപിയുടേയും രൂക്ഷ വിമർശനത്തിനിടെ പെന്തക്കോസ്ത സഭയുടെ 102ാമത് ജനറൽ കൺവെൻഷനിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുമ്പനാട് വച്ച് നടന്ന പ്രാർത്ഥനയിലാണ് പ്രതിപക്ഷ നേതാവ് പങ്കെടുത്തത്. സഭയിലെ അംഗങ്ങൾ രാജ്യത്തിന്റെ വിവിധ മേഖലയിൽ പീഡിപ്പിക്കപ്പെടുമ്പോൾ ഇടപെടലുകൾ നടത്താൻ പ്രതിപക്ഷ നേതാവിന് വേണ്ടി ദി പെന്തക്കോസ്ത് സഭാംഗങ്ങൾ നടത്തിയ പ്രാർത്ഥനയിലും വി ഡി സതീശൻ പങ്കെടുത്തു. പ്രതിപക്ഷ നേതാവിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രൂക്ഷ വിമർശനം നടത്തിയത് ഇന്ന് രാവിലെ ആയിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്ന് സുകുമാരൻ നായർ ഉയർത്തിയ വിമർശനം. സതീശനേ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടിരുന്നു.
ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. സതീശൻ ആണ് തനിക്കെതിരെ പറഞ്ഞത്. താൻ വർഗീയ വാദിയാണെന്ന് രമേശ് ചെന്നിത്തലയോ വേണുഗോപാലോ എ കെ ആന്റണിയോ പറയട്ടെ. അപ്പോൾ അംഗീകരിക്കാം. കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. രണ്ട് വിമർശനങ്ങൾക്ക് വി ഡി സതീശൻ മറുപടി നൽകിയിരുന്നു. സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുത ഉണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കരുത് എന്നതാണ് കോൺഗ്രസ് നിലപാടെന്നും അത് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളതെന്നും വി ഡി സതീശൻ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പെന്തക്കോസ്ത് സമൂഹം നിർണായക ശക്തിയായി മാറിക്കഴിഞ്ഞെന്ന് പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗമധ്യേ പ്രതികരിച്ചിരുന്നു. നിയമസഭയിൽ പെന്തക്കോസ്ത് സമൂഹത്തിന്റെ ശബ്ദമാകാൻ സ്വന്തം പ്രതിനിധികൾ ഉണ്ടാകണമെന്നും ഐപിസി സീനിയർ ശുശ്രൂഷകനും പിറവം സെന്റർ പാസ്റ്ററുമായ പാസ്റ്റർ ബാബു ചെറിയാൻ ആവശ്യപ്പെട്ടു. കുമ്പനാട് നടന്ന 102-ാമത് ഐപിസി ജനറൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പാസ്റ്റർ ബാബു ചെറിയാൻ. നമ്മുടേത് ചെറിയ ഗ്രൂപ്പല്ല എന്നും തിരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ വിശ്വാസികൾ ഗൗരവത്തോടെ പ്രാർത്ഥിക്കണമെന്നും പാസ്റ്റർ ബാബു ചെറിയാൻ ആവശ്യപ്പെട്ടു ആഹ്വാനം ചെയ്തു. പെന്തക്കോസ്ത് എന്ന വിഭാഗത്തിന് വേണ്ടി സംസാരിക്കാൻ ചിലർ അസംബ്ലിയിൽ ഉണ്ടാകാൻ നിങ്ങൾ പ്രാർത്ഥിക്കണം. രാഷ്ട്രീയക്കാർ കണക്കെടുക്കുന്നുണ്ട്. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ ഇനിയുള്ള കാലത്ത് ജയം തീരുമാനിക്കുന്നത് പെന്തക്കോസ്തുകാരാണെന്ന് അറിവുള്ള രാഷ്ട്രീയക്കാർ പറഞ്ഞു കഴിഞ്ഞു. നമ്മുക്ക് അതിനേക്കുറിച്ച് ധാരണയില്ല, പക്ഷേ രാഷ്ട്രീയക്കാർ അത് തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നാണ് പാസ്റ്റർ ബാബു ചെറിയാൻ കുമ്പനാട് കൺവെൻഷനിൽ വിശദമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് കൺവെൻഷൻ വേദിയിലേക്ക് വി ഡി സതീശൻ എത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam