
തിരുവനന്തപുരം: ഹിന്ദു ഏകതാ സമ്മേളനത്തിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്ത തിരുവനന്തപുരം ഡെപ്യൂട്ടി മേയറുടെ വീഡിയോയിൽ പുതിയ വിവാദം. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക കോർപ്പറേഷനായ തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയർ ആശാനാഥിന്‍റെ പ്രസ്താവനയ്ക്കെതിരെയാണ് സമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാരംഭിച്ചിരിക്കുന്നത്. ഡെപ്യൂട്ടി മേയർ പ്രതിനിധീകരിക്കുന്ന കരുമം വാർഡിലെ ഹിന്ദു ഏകതാ സമ്മേളനം ഞായറാഴ്ച വിനായക ഓഡിറ്റോറിയത്തിലായിരുന്നു സംഘടിപ്പിച്ചത്. ഈ പരിപാടിയിലേക്ക് ജനങ്ങളെ കുടുംബ സമേതം സ്വാഗതം ചെയ്ത് ആശാ നാഥ് സമൂഹ്യമാധ്യമങ്ങളിൽ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ തന്‍റെ അധികാരം ഉപയോഗിച്ച് ഏതെങ്കിലും ഒരു മതത്തിന്‍റെയോ, സമുദായത്തിന്‍റെയോ പരിപാടിയിലേക്ക് ജനങ്ങളെ പങ്കെടുപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത് ശരിയല്ലെന്നാണ് സോഷ്യൽമീഡിയയിലെ വിമർശനം.
ഒരു ഡെപ്യൂട്ടി മേയർ ഒരു നഗരത്തിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുന്ന ആളാണ്, ഏതെങ്കിലും ഒരു മതത്തെയോ സമുദായത്തെയോ അല്ല. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാൾ, തനിക്കുള്ള അധികാരവും പൊതുജനശ്രദ്ധയും ഉപയോഗിച്ച് ഹിന്ദു ഐക്യ സംഗമത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്യുന്നത് അങ്ങേയറ്റം ആശങ്കാജനകമായ സന്ദേശമാണ് നൽകുന്നതെന്നാണ് വിമർശനം.
അതേസയം, പോസ്റ്റ് തന്‍റെ സമൂഹ്യമാധ്യമ അക്കൗണ്ടിലല്ലെന്നാണ് ഡെപ്യൂട്ടി മേയറുടെ പ്രതികരണം. തന്‍റെ പേരിൽ ആരോ നിർമിച്ച ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് വന്നിരിക്കുന്നതെന്നും ഡെ.മേയർ ആശാനാഥ് പ്രതികരിച്ചു. പരിപാടി ഇന്നലെ നടന്നതായാണ് വിവരം. എന്നാൽ താൻ പങ്കെടുത്തിട്ടില്ലെന്നും ആശാനാഥ് പറയുന്നു. വിവാദമായതോടെ ആശാനാഥിന്‍റെ പേരിലെ അക്കൗണ്ടിൽ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, ഡെപ്യൂട്ടി മേയർ തന്‍റെ ഓഫിസില്‍ ഇരുന്ന് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്താൽ പ്രശ്നം അവസാനിക്കില്ലെന്നാണ് സമൂഹ്യമാധ്യമങ്ങളിലെ വിമർശനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam