താമരശ്ശേരി ചുരത്തിൽ യൂസർ ഫീ: പ്രതിഷേധം ഉയരുന്നു, പ്രക്ഷോഭത്തിനൊരുങ്ങി ഡിവൈഎഫ്ഐ

By Web TeamFirst Published Feb 1, 2023, 3:05 PM IST
Highlights

മറ്റ് ഒരു ചുരത്തിലും ദേശീയപാതയിലും ഇത്തരത്തിൽ യൂസർ ഫീ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്നില്ലെന്നും ഇത് പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. 

കോഴിക്കോട്:  താമരശ്ശേരി  ചുരത്തിൽ സഞ്ചാരികളിൽ നിന്നും യൂസർഫീ  ഈടാക്കാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ തീരുമാനത്തിൽ പ്രതിഷേധം ഉയരുന്നു. പുതുപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിലുള്ള താമരശ്ശേരി ചുരത്തിന്‍റെ വ്യൂ പോയിന്‍റുകള്‍ , 2, 4  പിൻവളവുകൾ, വ്യൂ പോയന്‍റ് താഴ്ഭാഗം എന്നിവിടങ്ങളിൽ വാഹനം നിർത്തി ഇറങ്ങുന്ന സഞ്ചാരികളിൽ നിന്ന് ഫെബ്രുവരി ഒന്ന് മുതൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കുള്ള യൂസർഫീയായി 20 രൂപ വാങ്ങാനായിരുന്നു തീരുമാനം.  

ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലും 'അഴകോടെ ചുരം, സീറോ വേസ്റ്റ് ചുരം' പദ്ധതിയുടെ റിവ്യൂ മീറ്റിങ്ങിലുമാണ് യൂസർ ഫീ ഈടാക്കാൻ തീരുമാനിച്ചത്. എന്നാൽ താമരശ്ശേരി ചുരത്തിലെത്തുന്ന  സഞ്ചാരികളോട് യൂസർഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതി നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ  പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. മറ്റ് ഒരു ചുരത്തിലും ദേശീയപാതയിലും ഇത്തരത്തിൽ യൂസർ ഫീ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്നില്ലെന്നും ഇത് പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. 

ഗതാഗത കുരുക്ക് കാരണം നട്ടം തിരിയുന്ന താമരശ്ശേരി ചുരത്തിൽ വാഹനപാർക്കിങ്ങിന്  അനുവദിക്കുന്നത് ഗതാഗതകുരുക്ക് വീണ്ടും രൂക്ഷമാക്കാനേ  ഇടയാക്കുമെന്നും ആശങ്കയുണ്ട്. എന്തായാലും പ്രതിഷേധത്തെ തുടർന്നാണോ എന്നറിയില്ല ഫെബ്രുവരി ഒന്നിന് യൂസർ ഫീ ഈടാക്കി തുടങ്ങിയിട്ടില്ല. ഫെബ്രുവരി 15 മുതൽ യൂസർ ഫീ ഈടാക്കുമെന്നാണ്  ലഭിക്കുന്ന അനൗദ്ധ്യാഗിക വിവരം. പുതുപ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലുള്ള 24 ഹരിത കർമ്മ സേന അംഗങ്ങളിൽ നിന്ന്  ദിവസം നാല് പേരെ വീതം  ചുരത്തിൽ  ഗാർഡുമാരായി നിർത്തി ചുരം ശുചീകരണം നടത്താനാണ്  ഗ്രാമപഞ്ചായത്ത് തീരുമാനം.

ചുരത്തിൽ ഗാർഡുമാരെ നിയമിക്കുന്നതിന് സർക്കാരിൽ നിന്ന് അംഗീകാരം ലഭിക്കുന്നത് വരെ ഹരിത കർമ്മ സേന അംഗങ്ങളെ നിയമിക്കാനാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ലക്ഷ്യം വെയ്ക്കുനത്. ഇവരുടെ പ്രവർത്തനങ്ങൾക്കും മാലിന്യ സംസ്കരണത്തിനുമുള്ള യൂസർഫീ ആയാണ് ചുരത്തിൽ നിർത്തി ഇറങ്ങുന്ന വാഹനങ്ങളിൽ നിന്ന് 20 രൂപ വാങ്ങാൻ തീരുമാനിച്ചതെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം.  ഇത് ഒരിക്കലും പാർക്കിഗ് ഫീസോ, ചുരം സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള യൂസർ ഫീയോ, ചുരത്തിൽ വേസ്റ്റ് നിക്ഷേപിക്കുന്നതിനുള്ള യൂസർ ഫീയോ  അല്ലെന്നുമാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്.  

Read More : ഓപ്പറേഷൻ ഷവർമ്മ; പിഴയായി കിട്ടിയത് 36 ലക്ഷം, പൂട്ടിച്ചത് 317 സ്ഥാപനങ്ങള്‍

click me!