വീട്ടമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബിരിയാണി ചലഞ്ചുമായി ഡിവൈഎഫ്ഐ

By Web TeamFirst Published Jun 25, 2021, 5:35 PM IST
Highlights

യുവതിക്ക് അടിയന്തര ചികിൽസയ്ക്കായി ആറ് ലക്ഷം രൂപയാണ് ആവശ്യമുള്ളത്. ഇത് കണ്ടെത്താൻ കുടുംബശ്രീയുടെ സഹായത്തോടെ മൂന്ന് ദിവസം മുമ്പാണ് ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവർത്തകര്‍ പ്രവർത്തനം ആരംഭിച്ചത്. 

ഇടുക്കി: ഗുരുതര രോഗവുമായി മല്ലിട്ട് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ദേവികുളത്തെ  ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവർത്തകരുടെ  ബിരിയാണി ചലഞ്ച്. ഗുരുതര അസുഖംമൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന 35കാരിയായ യുവതിയുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ് ഐ പ്രവർത്തകർ  ബിരിയാണി ചലഞ്ച് നടത്തിയത്.

യുവതിക്ക് അടിയന്തര ചികിൽസയ്ക്കായി ആറ് ലക്ഷം രൂപയാണ് ആവശ്യമുള്ളത്. ഇത് കണ്ടെത്താൻ കുടുംബശ്രീയുടെ സഹായത്തോടെ മൂന്ന് ദിവസം മുമ്പാണ് ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവർത്തകര്‍ പ്രവർത്തനം ആരംഭിച്ചത്. ദേവികുളത്തെ സമൂഹ അടുക്കളയിൽ തയ്യറാക്കുന്ന ബിരിയാണി 100 രൂപ നിരക്കില്‍ ബിരിയാണി ചലഞ്ചിലൂടെ വില്‍ക്കുകയായിരുന്നു.   വിഭവം തയ്യറാക്കുന്നതിനുള്ള സാധനങ്ങൾ മൂന്നാറിലെ  കച്ചവടക്കാരാണ് നൽകുന്നത്. 

കുടുംബശ്രീ പ്രവർത്തകരും യുവാക്കളും നേരിട്ട് ദേവികുളത്തെ സർക്കാർ ഓഫീസുകളിലും വീടുകളിലും കയറി ഓര്‍ഡർ സ്വീകരിക്കും. തുടർന്ന് ഉച്ചയോടെ ഭക്ഷണം എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. 100 രൂപയാണ് ബിരിയാണിയുടെ വിലയെങ്കിലും വാങ്ങുന്നവർ മനസ്സുനിറഞ്ഞ് കൂടുതൽ തുക നൽകുന്നുണ്ട്. മൂന്ന് ദിവസം കൊണ്ട് 1000 പാർസൽ തയ്യറാക്കി വിറ്റുകഴിഞ്ഞു. എംഎല്‍എ എച്ച് രാജയുടെ അടക്കം പിന്തുണയോടെ യുവതിയുടെ ചികിത്സക്കാവശ്യമായ പണം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!