
കോഴിക്കോട്: കോഴിക്കോട് കോന്നാട് ബീച്ചിൽ യുവതി യുവാക്കളെ ചൂൽ ഉപയോഗിച്ച് ഓടിച്ചു വിട്ട സംഭവത്തെ ന്യായീകരിച്ച് ബി ജെ പി രംഗത്ത്. ലഹരി മാഫിയ കുട്ടികളുടെ ഭാവി തകർക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഇക്കാര്യത്തിൽ രക്ഷിതാക്കളെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നുമാണ് ബി ജെ പി നേതാക്കളുടെ പ്രതികരണം. കോന്നാട് ബീച്ചിലെ ലഹരി മാഫിയയ്ക്ക് കൂട്ടുനിൽക്കുകയാണ് ഡി വൈ എഫ് ഐ ചെയ്യുന്നതെന്നും ബി ജെ പി ആരോപിച്ചു.
അതേസമയം മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ ചൂൽ പ്രയോഗത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡി വൈ എഫ് ഐ അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സദാചാര ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് കോന്നാട് ബീച്ച് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. മഹിളാ മോര്‍ച്ചയുടെയും ബി ജെ പിയുടെയും നിലപാട് സാംസ്‌കാരിക കേരളത്തിന് യോജിക്കാത്തതാണെന്നും സദാചാര ഗുണ്ടായിസം ഒരിക്കലും അനുവദിക്കില്ലെന്നും ഡി വൈ എഫ് ഐ നേതാക്കൾ പ്രതികരിക്കുകയും ചെയ്തു. സംഭവത്തിൽ നിഷ്‌ക്രിയ നിലപാടാണ് സ്വീകരിച്ചതെന്ന് ചൂണ്ടികാട്ടി പൊലീസിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. ബീച്ചില്‍ എത്തിയ യുവതീ - യുവാക്കളെ സംഘം ഭീഷണിപ്പെടുത്തുമ്പോഴെല്ലാം പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു എന്നും പരാതിയുണ്ട്.
ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് ഒരുകൂട്ടം മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ബീച്ചില്‍ ചൂലുമായെത്തി ഇവിടെ ഇരിക്കുകയായിരുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തിയത്. മഹിളാ മോര്‍ച്ച പ്രാദേശിക നേതാവായ മാലിനി സന്തോഷിന്‍റെയും ബി ജെ പി നടക്കാവ് മണ്ഡലം പ്രസിഡന്‍റിന്‍റെയും നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്. ബീച്ചില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുകയാണെന്നും അശ്ലീല കാര്യങ്ങള്‍ക്കും മദ്യപാനത്തിനും മറ്റുമായി ബീച്ചില്‍ വരുന്നവരെ ഇനിയും തടയുമെന്നുമാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. എന്നാൽ തങ്ങളോട് ഒരു കാരണവുമില്ലാതെ സദാചാര ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഞങ്ങളുടെ നാട്ടില്‍ ഇരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും നിങ്ങളുടെ ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുമെന്നും പറഞ്ഞുകൊണ്ടാണ് സംഘം തങ്ങളെ നേരിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam