
മലപ്പുറം: ഒരൊറ്റ കുട്ടിയ്ക്കായി അവളുടെ ഭാഷയിൽ പാഠഭാഗങ്ങൾ തയ്യാറാക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ ഭിന്നശേഷിക്കാരിയായ മകൾക്ക് പഠനത്തിന് അവസരമൊരുക്കുന്നതിനായാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കുന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ട മീനാക്ഷിക്ക് അവളുടെ സ്വന്തം ചോലനായ്ക്ക ഭാഷയിലാണ് സമഗ്ര ശിക്ഷ കേരളം പാഠഭാഗങ്ങൾ തയ്യാറാക്കുന്നത്. കരുളായി കാടിനുള്ളിലാണ് ജനിച്ചു വളർന്നതെങ്കിലും കാടിനെയും മലകളെയും പൂക്കളെയുമൊക്കെ പറ്റി മീനാക്ഷി പഠിച്ചു തുടങ്ങുന്നതേയുള്ളൂ.
സെറിബ്രൽ പാൾസി തീർത്ത പരിമിതികൾ കൊണ്ട് നാല് ചുമരുകൾക്കുള്ളിൽ മാത്രമായി ഇനി അവളുടെ ജീവിതം ഒതുങ്ങില്ല. ചോല നായ്ക്ക ഭാഷയിൽ തന്നെ കാട്ടറിവുകൾക്കപ്പുറത്തുള്ള ലോകത്തെ കണ്ടും കേട്ടും പഠിക്കുകയാണ് മീനാക്ഷി.അവിചാരിതമായി അച്ഛൻ മണിയുടെ ജീവൻ കാട്ടാന എടുത്തതോടെയാണ് മീനാക്ഷിയെയും സഹോദരങ്ങളെയും അമ്മയെയും വനംവകുപ്പ് മാഞ്ചീരി മലയിൽ നിന്ന് താഴെ നാട്ടിലേക്ക് മാറ്റി പാർപ്പിച്ചത്. ഇതോടെയാണ് മീനാക്ഷിയുടെ പഠനത്തിനും വഴിയൊരുങ്ങിയത്.
വീഡിയോ ക്ലാസുകള്‍ തയ്യാറാക്കുന്നതിനാണ് നിര്‍ദേശം ലഭിച്ചിട്ടുള്ളതെന്ന് ബിആര്‍സി മനോജ് പറഞ്ഞു. 30 വീഡിയോ ക്ലാസുകളായിരിക്കും തയ്യാറാക്കുക. കുട്ടിയുടെ പഠനത്തിനായി സ്മാര്‍ട്ട് ടിവിയും നൽകുമെന്ന് മനോജ് പറഞ്ഞു. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിലാണ് ചോലനായ്ക്ക ഭാഷയിൽ ടോക്കിങ് ടെക്സ്റ്റുകളും വീഡിയോകളും നിര്‍മിക്കുന്നത്. കരുളായിയിലെ അംഗൻവാടി ടീച്ചര്‍ പിങ്കിയുടെ ശബ്ദത്തിലാണ് ക്ലാസുകള്‍. ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ എജ്യുക്കേറ്റര്‍മാര്‍ നേരിട്ടെത്തി ക്ലാസെടുക്കും. മലയാളം അറിയാത്തതുകൊണ്ട് പഠനം ഉപേക്ഷിച്ച മറ്റു ആദിവാസി കുട്ടികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam