വഴിയരികിൽ പാർക്ക് ചെയ്ത വാനിന്റെ ഡോർ തട്ടിയാണ് ദീക്ഷിതക്ക് പരിക്കേറ്റ അപകടമെന്ന് പുതിയ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. അപകടശേഷം രക്ഷാപ്രവർത്തനം നടത്തിയ രാജി എന്ന സ്ത്രീയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി, ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
കൊച്ചി: കൊച്ചി എളമക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റ അപകടത്തിൽ വൻ ട്വിസ്റ്റ്. ദൃശ്യങ്ങളിൽ ഉള്ള കാർ അല്ല ദീക്ഷിതയെ ഇടിച്ചതെന്നും വഴിയരികിൽ പാർക്ക് ചെയ്ത വാനിന്റെ ഡോർ തുറന്നപ്പോഴായിരുന്നു അപകടമെന്നും പൊലീസ് കണ്ടെത്തി. പുതിയ സി സി ടി വി ദൃശ്യങ്ങളാണ് വഴിത്തിരിവായത്. കുട്ടി അപകടത്തിൽപ്പെടാൻ കാരണമായ വാൻ ഓടിച്ചിരുന്ന സുഭാഷ് നഗർ സ്വദേശി രാജിയെ അറസ്റ്റ് ചെയ്തു. അപകടത്തിന് തൊട്ടു പിന്നാലെ ദീക്ഷിതയെ റോഡിൽ നിന്ന് മാറ്റിയതടക്കമുള്ള രക്ഷാപ്രവർത്തനം നടത്തിയത് രാജിയുടെ നേതൃത്വത്തിൽ ആയിരുന്നു. പുതിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോളാണ് രാജി കുറ്റം സമ്മതിച്ചത്. പേടിച്ചിട്ടാണ് ആരോടും പറയാതിരുന്നതെന്ന് രാജി തുറന്നു പറഞ്ഞു. വാഹനം അശ്രദ്ധമായി കൈകാര്യം ചെയ്തതിന് രാജിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കരളിന് പരിക്കേറ്റ ദീക്ഷിത അപകടനില തരണം ചെയ്തത് ആശ്വാസമായി.
വിശദവിവരങ്ങൾ
എളമക്കര ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ദീക്ഷിത സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ആദ്യം പുറത്തു വന്ന സി സി ടി വി ദൃശ്യങ്ങളിൽ ദീക്ഷിത വീഴുന്നതും ഒരു കിയ സോണറ്റ് കാർ കടന്നു പോകുന്നതും കാണാം. ഒന്ന് ബ്രേക്ക് ചെയ്ത ശേഷം വാഹനം നിർത്താതെ പോയത് സംശയം ഇരട്ടിപ്പിച്ചു. ദൃശ്യങ്ങളിലെവിടെയും കാറിന്‍റെ നമ്പർ വ്യക്തമായിരുന്നില്ല. ഒടുവിൽ പല ക്യാമറകളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ വാഹനം കടവന്ത്ര സ്വദേശിയുടേതെന്ന് കണ്ടെത്തി. പക്ഷേ എത്ര ചോദ്യം ചെയ്തിട്ടും അപകടമുണ്ടാക്കിയത് താനല്ലെന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു. കാറിലും അപകടത്തിന്‍റെ സൂചനകൾ ഇല്ല. അപകടത്തിന്‍റെ ട്രോമയിൽ കഴിയുന്ന ദീക്ഷിതയ്ക്കാണെങ്കിൽ ഒന്നും ഓർമയില്ല. സംശയം തോന്നിയ പൊലീസ് പിന്നിലേക്ക് പരിശോധിച്ചു. എല്ലാ കുറ്റകൃത്യങ്ങളിലും ഒരു തെളിവെങ്കിലും ശേഷിക്കുമെന്ന സിദ്ധാന്തം ഇവിടെയും ആവർത്തിച്ചു. റോഡിന് എതിർവശത്ത് ആരുടെയും ശ്രദ്ധയിൽ പെടാതിരുന്ന ക്യാമറയിൽ അതാ ഞെട്ടിപ്പിക്കുന്ന തെളിവ്. പെൺകുട്ടി കടന്നു പോകുന്നതിന് തൊട്ടു മുൻപ് അവിടെ എത്തിയ ഈക്കോ വാനിന്റെ ഡോർ തുറക്കുന്നു, സൈക്കിളിൽ തട്ടുന്നു. വാൻ ഓടിച്ചിരുന്നത് സുഭാഷ് നഗർ സ്വദേശി രാജി. അപകടത്തിന് തൊട്ടു പിന്നാലെ ദീക്ഷിതയെ റോഡിൽ നിന്ന് മാറ്റിയതടക്കമുള്ള രക്ഷാപ്രവർത്തനം നടത്തിയത് രാജിയുടെ നേതൃത്വത്തിൽ ആയിരുന്നു. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ രാജി കുറ്റം സമ്മതിച്ചു. പേടിച്ചിട്ടാണ് ആരോടും പറയാതിരുന്നതെന്ന് രാജി തുറന്നു പറഞ്ഞു. വാഹനം അശ്രദ്ധമായി കൈകാര്യം ചെയ്തതിന് രാജിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കരളിന് പരിക്കേറ്റ ദീക്ഷിത അപകടനില തരണം ചെയ്തിട്ടുണ്ട്.


