
തിരുവനന്തപുരം: കലാപകലുഷിതമായ മണിപ്പൂരിൽ നിന്നും അഭയം തേടി കേരളത്തിലെത്തിയ പിഞ്ചു ബാലികയെ ചേർത്ത് പിടിച്ചാണ് കേരളം എല്ലാ സംരക്ഷണവും നൽകിയത്. തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രവേശനം നേടിയ കൊഹിനെ ജം വായ്പേയ് എന്ന ജേ ജെമ്മിനെ വളർത്തുമകളായാണ് സർക്കാർ ഏറ്റെടുത്തത്. പഠനത്തിൽ മിടുക്കിയായ ജേ ജെം ഇപ്പോഴിതാ കായിക മത്സരങ്ങളിലും മികവ് തെളിയിച്ചിരികിക്കുകയാണ്. താൻ നല്ലൊരു ഓട്ടക്കാരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ മത്സരങ്ങളിലാണ് ജേ ജെം മിന്നും പ്രകടനം കാഴ്ച വെച്ചത്.
പത്ത് വയസിന് താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 4x 50 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടി തൈക്കാട് ഗവണ്മെന്റ് മോഡൽ എൽ പി സ്കൂളിന്‍റെയും കേരളത്തിന്‍റെയും അഭിമാനമായി മാറിയിരിക്കുകയാണ് ജേ ജെം. കൊച്ചു മിടുക്കിയുടെ നേട്ടത്തെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നു. ഒരു ഓട്ടക്കാരന് നമ്മൾ കൈയ്യടി നൽകി. ഇനി ഒരു ഓട്ടക്കാരിയെ കാണാമെന്ന് പറഞ്ഞ് മന്ത്രി ജേ ജെമ്മിനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പുമിട്ടു കഴിഞ്ഞ ദിവസം എ എം. യു. പി വടക്കാങ്ങര പയ്യനാട് സ്കൂളിൽ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്ത ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാൻറെ വൈറൽ ഓട്ടം മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു ഓട്ടക്കാരന് നമ്മൾ കൈയ്യടി നൽകി.
ഇനി ഒരു ഓട്ടക്കാരിയെ കാണാം.
കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന മണിപ്പൂരുകാരി
ജെ ജം. ജില്ല അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ മത്സരങ്ങളിൽ പത്ത് വയസിന് താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 4x 50 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടി തൈക്കാട് ഗവണ്മെന്റ് മോഡൽ എൽ പി സ്കൂളിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊഹിനെ ജം വായ്പേയ് എന്ന ജെ ജം. ജെ ജെമ്മിനും മത്സരിച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.
മണിപ്പൂരിൽ നിന്ന് ബന്ധുവിനൊപ്പമാണ് ജേ ജെം കേരളത്തിലെത്തിയത്. ജേ ജെമ്മിന്റെ വീട് അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ആക്രമണം ഭയന്ന് ഗ്രാമത്തിൽ നിന്ന് പാലായനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ജേ ജെമ്മിന് മറ്റു രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു. തിരുവനന്തപുരം തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മണിപ്പൂരുകാരി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam