
ഇടുക്കി: മരങ്ങള്‍ക്കിടയില്‍ ഒളിച്ചിരിയ്ക്കുന്ന പടുകൂറ്റന്‍ മുട്ട! ഇടുക്കിയില്‍ ഇപ്പോള്‍ സംസാര വിഷയം മുട്ടയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിയ്ക്കുന്ന ഈ കെട്ടിടമാണ്. നെടുങ്കണ്ടത്തിന് സമീപം കല്ലാറിലാണ്, മുട്ടയുടെ ആകൃതിയില്‍ കെട്ടിടം നിര്‍മ്മിച്ചിരിയ്ക്കുന്നത്. പല തരം ശൈലികള്‍ അവലംബിച്ച് നമ്മുടെ നാട്ടില്‍ കെട്ടിടങ്ങള്‍, പടുത്തുയര്‍ത്താറുണ്ട്. അത്തരം ശൈലികളില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് കല്ലാറിലെ മുട്ട കെട്ടിടം. നിര്‍മ്മാണ മേഖലയില്‍ രണ്ട് ദശാബ്ദങ്ങളിലേറെയായി പ്രവര്‍ത്തിയ്ക്കുന്ന കല്ലാര്‍ സ്വദേശി, ജയന്‍, പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിയ്ക്കാന്‍ ഉദേശിച്ചപ്പോള്‍, വ്യത്യസ്ഥ ശൈലി അവലംബിക്കണമെന്ന് നിശ്ചയിച്ചു. പല ഡിസൈനുകള്‍ തയ്യാറാക്കിയ ശേഷമാണ്, മുട്ടയുടെ ആകൃതി ഉറപ്പിച്ചത്.
കാഴ്ചയ്ക്ക് മാത്രമല്ല, സൗകര്യങ്ങളുടെ കാര്യത്തിലും മുന്‍പിലാണ് ഈ മുട്ട കെട്ടിടം. 500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതമായ, ഒറ്റ മുറിയിലുള്ള കെട്ടിടം പൂര്‍ണ്ണമായും പ്രകൃതി സൗഹൃദമാണ്. സമീപത്തെ മരങ്ങളെ സംരക്ഷിച്ച്, തണലും ലഭ്യമാകുന്ന തരത്തിലാണ് നിര്‍മ്മിതി. ജനാലകള്‍ ഇല്ല. പുറത്തേയ്ക്ക് ഉള്ളത് ഒറ്റ വാതില്‍ മാത്രം. സൂര്യ പ്രകാശം കെട്ടിത്തിലേയ്ക്ക് ലഭ്യമാകാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ഥമായ നിര്‍മ്മാണ ശൈലി മൂലം, കെട്ടിടത്തിനുള്ളില്‍ അധികം ചൂടും അനുഭവപെടാറില്ല. മുട്ടകെട്ടിടം, നാട്ടുകാര്‍ക്കിടയില്‍ താരമായി മാറി കഴിഞ്ഞു. കെട്ടിടത്തിന്റെ കൗതുക കാഴ്ചകള്‍ ആസ്വദിയ്ക്കുന്നതിനായി നിരവധി ആളുകളാണ് ഇവിടേയ്ക്ക് എത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam