വിദേശത്ത് നിന്ന് സ്വർണ്ണം കടത്തിയ യുവാവിനെ പട്ടാപകൽ വാൾ വീശി തട്ടിക്കൊണ്ടുപോയി; എട്ട് പേർ അറസ്റ്റിൽ

Published : Oct 08, 2022, 09:05 AM IST
വിദേശത്ത് നിന്ന് സ്വർണ്ണം കടത്തിയ യുവാവിനെ പട്ടാപകൽ വാൾ വീശി തട്ടിക്കൊണ്ടുപോയി; എട്ട് പേർ അറസ്റ്റിൽ

Synopsis

വിദേശത്ത് നിന്ന് നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണവുമായി ബന്ധപ്പെട്ട തർക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. 

മലപ്പുറം : വിദേശത്ത് നിന്ന് സ്വർണ്ണം കടത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ എട്ട് പേർ അറസ്റ്റിൽ. പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയാണ് പരപ്പനങ്ങാടി പൊലീസ് തിരുവമ്പാടി പുല്ലൂരാംപാറയിൽ നിന്ന് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണവുമായി ബന്ധപ്പെട്ട തർക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. 

തട്ടിക്കൊണ്ടുപോയ ശേഷം യുവാവിനെ തടങ്കലിൽ പാർപ്പിച്ച് മോചനത്തിനായി 30 ലക്ഷം രൂപ യുവാവിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. താനൂർ താഹാബീച്ചിലെ കോളിക്കലകത്ത് ഇസ്ഹാഖ് (30) എന്നയാളെയാണ് ചിറമംഗലത്ത് വച്ച് മാരകായുധങ്ങളുമായി വന്ന അക്രമിസംഘം ടൊയോട്ട ഫോർച്യുണർ കാറിൽ നാട്ടുകാരെ വാൾ വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്. 

തിരുവമ്പാടി പുല്ലൂരാംപാറ ഷാൻഫാരി(29), താനൂർ കാട്ടിലങ്ങാടിയിലെ കളത്തിങ്ങൽ തഫ്‌സീർ (27), താമശ്ശേരി വലിയപറമ്പിലെ പാറക്കണ്ടിയിൽ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയപറമ്പിലെ വലിയപീടിയേക്കൽ മുഹമ്മദ് ആരിഫ്(28),  തിരുവമ്പാടി പുല്ലൂരാംപാറ  മടമ്പാട്ട് ജിതിൻ (38), താമരശ്ശേരി തച്ചാംപൊയിൽ പുത്തൻ തെരുവിൽ ഷാഹിദ് (36), തിരുവമ്പാടി വടക്കാട്ടുപ്പാറ കാവുങ്ങലെ ജസിം (27), തിരുവമ്പാടി  പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27) എന്നിവരെയാണ് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതികൾ വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വർണം ഇസ്ഹാഖ് ക്യാരിയറുമായി ചേർന്ന് തട്ടിയെടുത്തതിനാലാണ് ഇസ്ഹാഖിനെ തട്ടിക്കൊണ്ട് പോയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ട ഇസ്ഹാഖിനെതിരെ സ്വർണക്കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളുണ്ട്. ഇസ്ഹാഖിനെതിരെ നേരത്തേ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നതാണ്. പയ്യോളി പൊലീസ് സ്റ്റേഷനിലെ കവർച്ച കേസിലും ഇസ്ഹാഖ് പ്രതിയാണ്. പരപ്പനങ്ങാടി എസ് ഐ നവീൻ ഷാജ്, പരമേശ്വരൻ, പൊലീസുകാരായ അനിൽ. മുജീബ്, രഞ്ജിത്ത്, ഡാൻസാഫ് ടീമംഗങ്ങളായ വിപിൻ, അഭിമന്യു, ആൽബിൻ, ജിനേഷ്, സബറുദീൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു