
അരൂര്‍: ആലപ്പുഴ അരൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലോളം പേര്‍ക്ക് ഗുരുതരപരിക്ക്. സംഭവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അരൂർ മുക്കം സ്മശാനം റോഡിൽ ഗുണ്ടാ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്. ഞായറാഴ്ച രാവിലെ ഇരുകൂട്ടരും ഒന്നിച്ച് മദ്യപാനം നടത്തിയ സമയം ഉണ്ടായ തർക്കമാണ് രാത്രിയിലെ ആക്രമണത്തിന് കാരണമായത്. വടിവാളും മഴുവും ഉപയോഗിച്ച് ഇരുകൂട്ടരും നടത്തിയ ആക്രമണത്തിൽ നാലോളം പേർക്ക് ഗുരുതരമായ പരിക്കേറ്റു.
അരൂർ സ്വദേശികളായ വലിയപറമ്പിൽ അഗസ്റ്റിൻ ജെറാൾഡ്, കാരക്ക പറമ്പിൽ ഷാനു, കല്ലറയ്ക്കൽ വീട്ടിൽ സ്റ്റേജോ, കല്ലറയ്ക്കൽ വീട്ടിൽ ബിപിൻ, വടക്കേച്ചിറ വീട്ടിൽ അജ്മൽ എന്നിവരെ കൊലപാതകശ്രമ കേസിനും അരൂർ സ്വദേശിയായ വേഴക്കാട്ട് വീട്ടിൽ രാജേഷ്, വെളുത്തെടുത്ത് വീട്ടിൽ നിമിൽ എന്നിവരെ മനപ്പൂർവമല്ലാത്ത നരഹത്യാശ്രമ കേസിനും അറസ്റ്റ് ചെയ്തു.
ഗുണ്ടാ സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കേസിലെ പ്രതികൾക്കെതിരെ കാപ്പാനിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ അറിയിച്ചു. അരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനിൽകുമാർ എൽദോസ്, സജുലാൽ, വിജേഷ്, നിതീഷ്, ശ്രീജിത്ത്, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read More : ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പിരിശോധന, 6 സ്ഥാപനങ്ങൾ പൂട്ടിച്ചു, 54 സ്ഥാപനങ്ങൾക്ക് നോട്ടീസ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE