
വയനാട്: കണിയാമ്പറ്റയിൽ വൃദ്ധദമ്പതികളുടെ കൈ തല്ലിയൊടിച്ച് അയൽവാസി. കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ചാണ് ദമ്പതികൾക്ക് നേരെ ആക്രമണം നടത്തിയത്. കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു. ഇരുമ്പ് വടികൊണ്ട് ആക്രമിച്ചതിന് അയൽക്കാരൻ തോമസ് വൈദ്യർക്കെതിരെ പൊലീസ് കേസ് എടുത്തു. ഇരുമ്പ് വടിയുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറി ഇരുവര്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു. ആദ്യം ലാൻസിയെ ആണ് ആക്രമിച്ചത്. അടി കൈകൊണ്ട് തടഞ്ഞപ്പോഴാണ് കൈയൊടിഞ്ഞത്. അമ്മിണിയെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ ലാൻസിയുടെ രണ്ടാമത്തെ കയ്യും ഒടിഞ്ഞു. അമ്മിണിയുടെ തലയ്ക്കും കൈയ്ക്കും കാലിനും പരിക്കറ്റിട്ടുണ്ട്. പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. തോമസ് വൈദ്യനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ക്ക് മറ്റെന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പരിക്കേറ്റ അമ്മിണിയെയും ലാൻസിയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.