വെള്ളക്കെട്ട് കാരണം പുറത്തേക്കിറങ്ങാൻ കഴിയാതെ വൃദ്ധ ദമ്പതികൾ, ദുരിതം ഈ ജീവിതം

By Web TeamFirst Published Aug 24, 2021, 10:04 PM IST
Highlights

സമീപവാസി തന്റെ തോട് നികത്തിയതോടെയാണ് രാജപ്പന്റെ വീട് വെള്ളക്കെട്ടിലായത്. ഇവരുടെ വീടിന്റെ തെക്കു ഭാഗത്തെ ഓട നിറഞ്ഞതിനാൽ വെള്ളം ഒഴുകിപ്പോകാൻ യാതൊരു മാർഗവുമില്ല

ആലപ്പുഴ: വീടിന് നാലു വശവും വെള്ളക്കെട്ട്മൂലംപുറത്തേക്കിറങ്ങാൻ കഴിയാതെ വൃദ്ധ ദമ്പതികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് കരൂർ വെള്ളാഞ്ഞിലി പള്ളിക്ക് കിഴക്ക് സന്ധ്യാ ഭവനിൽ രാജപ്പന്റെ കുടുംബമാണ് അധികൃതരുടെ അനാസ്ഥ മൂലം ദുരിതക്കയത്തിൽ കഴിയുന്നത്. കഴിഞ്ഞ ഒൻപതു മാസക്കാലമായി ഈ കുടുംബം വെള്ളക്കെട്ടിലാണ് കഴിയുന്നത്. 

സമീപവാസി തന്റെ തോട് നികത്തിയതോടെയാണ് രാജപ്പന്റെ വീട് വെള്ളക്കെട്ടിലായത്. ഇവരുടെ വീടിന്റെ തെക്കു ഭാഗത്തെ ഓട നിറഞ്ഞതിനാൽ വെള്ളം ഒഴുകിപ്പോകാൻ യാതൊരു മാർഗവുമില്ല. ഈ ഓട തെക്ക് ഭാഗത്തേക്ക് നീട്ടി നിർമിച്ചാൽ വെളളക്കെട്ടിന് പരിഹാരമാകും. ഈ ആവശ്യവുമായി വൃദ്ധദമ്പതികളായ  രാജപ്പനും  സുശീലയും കയറിയിറങ്ങാൻ ഇനി ഇടമൊന്നുമില്ല. 

ഇപ്പോൾ മഴ ശക്തമായതോടെ കക്കൂസ് ഉൾപ്പെടെ വെള്ളം നിറഞ്ഞ് പ്രാഥമികാവശ്യം പോലും നിർവഹിക്കാൻ കഴിയാത്ത സ്ഥിതിയായി. അടുക്കളയിൽ നിന്നുള്ള അഴുക്ക് വെള്ളവും പരിസരത്ത് കെട്ടിക്കിടക്കുകയാണ്. പായൽ നിറഞ്ഞ് കിടക്കുന്നതു മൂലം അതിരൂക്ഷമായ ദുർഗന്ധമാണിവിടെ. ദുർഗന്ധം ശ്വസിച്ച് ഹൃദ്രോഗിയായ സുശീല ആശുപത്രിയിലുമായിരുന്നു. 

വീടിന് മുന്നിൽ കല്ലുകൾ അടുക്കി വെച്ച് ഇതിലൂടെയാണ് ഇവർ നടക്കുന്നത്. മകളും മരുമകനും കൊച്ചുമക്കളും ഉൾപ്പെടെ ആറ് പേരാണ് ഇവിടെ ഈ ദുരിതത്തിൽ കഴിയുന്നത്. അടിയന്തിരമായി ഓട നിർമിച്ചോ വെള്ളം ഒഴുക്കിക്കളഞ്ഞോ തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ഈ വൃദ്ധ ദമ്പതികളുടെ ആവശ്യം.

click me!