തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് നിരോധിത ലഹരിമരുന്നായ എംഎഡിഎംഎ വിൽപ്പന നടത്തിയ നാലുപേരെ പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങളും പിടിയിലായ സംഘത്തിൽ ഉൾപ്പെടുന്നു. 

തിരുവനന്തപുരം: നിരോധിധ ലഹരിമരുന്നുകളുമായി നിരവധി ക്രിമിനൽകേസുകളിലെ പ്രതികളായ സഹോദരങ്ങളടക്കം നാല് പേർ പിടിയിൽ. പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് (29), അനുജൻ ഷമീർ (26), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ (28), മുഫാസിൽ (29) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും, മംഗലപുരം പൊലീസും ചേർന്ന് കഴക്കൂട്ടത്തിനടുത്ത് നിന്നും പിടികൂടിയത്. ഇവരിൽ നിന്നും 21.37 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.റൂറൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ വെട്ടുറോഡ് ഭാഗത്ത് വെച്ച് ഓട്ടോ തടഞ്ഞാണ് പിടികൂടിയത്.

സ്വർണ്ണവ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്നത് യുവാവിനെ തട്ടികൊണ്ടുപോയി ബന്ദിയാക്കി മർദ്ദിച്ചതും, പൊലീസിനു നേരെ നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെട്ടതടക്കം നിരവധി കേസുകളിൽ പ്രതികളാണ് സഹോദരങ്ങളായ ഷഫീഖും ഷമീറുമെന്ന് പൊലീസ് അറിയിച്ചു. നിരവധി കേസുകളിൽ പ്രതികളായ ഇവർ ജാമ്യത്തിലിറങ്ങി ലഹരി കച്ചവടം നടത്തിവരികയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.