
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് ശിക്ഷ വിധിച്ച് കോടതി. നാദാപുരം പൂതംപാറ സ്വദേശി കുന്നുമ്മല്‍ കുഞ്ഞിരാമ(64)നെ ആണ് 15 വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴ ഒടുക്കാനും വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദ് അലിയുടേതാണ് വിധി.
2021ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടുസാധനങ്ങള്‍ വാങ്ങാനായി ഇയാളുടെ കടയില്‍ എത്തിയപ്പോഴും പിന്നീട് സ്‌കൂളില്‍ പോകാന്‍ ജീപ്പ് കാത്തുനില്‍ക്കുമ്പോഴും ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഇതിന് ശേഷവും കടയില്‍ വച്ച് ലൈംഗികാതിക്രമം നടത്തി. സ്‌കൂള്‍ കൗണ്‍സിലര്‍ക്ക് മുന്‍പിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്.പിന്നീട് അധികൃതര്‍ തൊട്ടില്‍പ്പാലം പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്‌ഐ എംപി വിഷ്ണു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദീപ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറര്‍ മനോജ് അരൂര്‍ ഹാജരായി.