
പട്ടാമ്പി: പട്ടാമ്പി നഗരസഭയിലെ 28 കൗൺസിലർമാരിൽ 24 പേരെ അയോഗ്യരാക്കി. സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്ന പരാതിയെ തുടർന്ന് ഇലക്ഷൻ കമ്മീഷനാണ് കൗൺസിലർമാരെ അയോഗ്യരാക്കിയത്. ഇതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായി. സി പി എം കൗണ്സിലർ കെ.സി ഗിരീഷ് നൽകിയ പരാതിയിലാണ് ഇലക്ഷൻ കമ്മീഷൻ നടപടിയെടുത്തത്.
കോൺഗ്രസ്സിൻെറ അഞ്ച് കൗണ്‍സിലർമാരും ലീഗിലെ പത്ത് കൗണ്‍സിലർമാരും എൽ.ഡി.എഫിലെ പരാതിക്കാരൻ അടക്കം ആറ് കൗണ്‍സിലർമാരും ബി.ജെ.പി.യുടെ മൂന്ന് കൗണ്‍സിലർമാരും ഉൾപെടെ ഇരുപത്തി നാലു പേരാണ് ആയോഗ്യരായത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 30 മാസത്തിനുള്ളിൽ സ്വത്തു വിവര കണക്ക് സമർപ്പിക്കണമെന്നാണ് ചട്ടം.
15 യു ഡി എഫ് അംഗങ്ങളും സ്വത്ത് വിവരങ്ങൾ റീജിയണൽ ജോയിന്‍റ് ഡയക്ടറുടെ ഓഫീസിൽ 2018 മാർച്ച് മാസത്തിൽ സമർപ്പിച്ചതാണെന്ന് യു ഡി എഫ് പറഞ്ഞു.യു ഡി എഫ് ഭരണ സമതിയെ അട്ടിമറിക്കുവാൻ സി പി എമ്മും കോൺഗ്രസ് വിമതനും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് പരാതിയെന്നും യു ഡി എഫ് ആരോപിച്ചു. നിലവിലെ ഭരണ സമതിയുടെ കാലാവധി തീരുവാൻ ഒന്നര വർഷം മാത്രം ബാക്കി നിൽക്കെയാണ് നടപടി ഉണ്ടായത്. നിലവിൽ യു ഡി എഫ് - 19, സി പി എം- 6, ബി ജെ പി - 3 എന്നിങ്ങിനെയാണ് കക്ഷി നില. ഇലക്ഷൻ കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുവാനാണ് യു ഡി എഫ് കൗൺസിലർമാരുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam