ആര്‍എംപി പിന്തുണയിലെ യുഡിഎഫ് ഭരണത്തിന് അന്ത്യം; ചോറോട് പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു

By Web TeamFirst Published Mar 12, 2019, 4:27 PM IST
Highlights

തിങ്കളാഴ‌്ച രാവിലെ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ 21 അംഗ ഭരണസമിതിയിൽ ഒന്‍പതിനെതിരെ 11 വോട്ട‌് നേടിയാണ‌് വിജില വിജയിച്ചത‌്. ബിജെപി അംഗം വോട്ടെടുപ്പിൽനിന്ന‌് വിട്ടുനിന്നു. ഉച്ചയ‌്ക്കു ശേഷം നടന്ന വൈസ‌് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എട്ടിനെതിരെ 11 വോട്ട‌് നേടി കെ.കെ. തുളസി വിജയിച്ചു.  വൈസ‌് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആർഎംപിയിലെ അംഗം വോട്ടെടുപ്പിൽനിന്ന‌് വിട്ടുനിന്നു

കോഴിക്കോട്: ആർഎംപിയുടെ പിന്തുണയിൽ യുഡിഎഫ് ഭരിച്ച ചോറോട് ഗ്രാമപഞ്ചായത്ത് ഭരണത്തിന് അന്ത്യം. ചോറോട‌് പഞ്ചായത്തിലെ പ്രസിഡന്‍റ്, വൈസ‌്പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌ിന‌് വിജയം. സിപിഎമ്മിലെ അമ്പലത്തിൽ വിജിലയെ പ്രസിഡന്‍റായും എൽജെഡിയിലെ കെ കെ തുളസിയെ വൈസ‌്പ്രസിഡന്‍റായും തെരഞ്ഞെടുത്തു. യുഡിഎഫിനെതിരെ  കഴിഞ്ഞ 16 നാണ‌് എൽഡിഎഫ‌് അവിശ്വാസം കൊണ്ടുവന്നത‌്.

തിങ്കളാഴ‌്ച രാവിലെ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ 21 അംഗ ഭരണസമിതിയിൽ ഒന്‍പതിനെതിരെ 11 വോട്ട‌് നേടിയാണ‌് വിജില വിജയിച്ചത‌്. ബിജെപി അംഗം വോട്ടെടുപ്പിൽനിന്ന‌് വിട്ടുനിന്നു. ഉച്ചയ‌്ക്കു ശേഷം നടന്ന വൈസ‌് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എട്ടിനെതിരെ 11 വോട്ട‌് നേടി കെ.കെ. തുളസി വിജയിച്ചു.  വൈസ‌് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആർഎംപിയിലെ അംഗം വോട്ടെടുപ്പിൽനിന്ന‌് വിട്ടുനിന്നു.

പഞ്ചായത്ത‌് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അമ്പലത്തിൽ വിജില സിപിഎം ചോറോട‌് ലോക്കൽ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയംഗവുമാണ‌്. പ്രസിഡന്‍റ്‌ സ്ഥാനത്തേക്ക‌് കോൺഗ്രസിലെ ഷിബിൻലയും വൈസ‌് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ വി സി ഇക‌്ബാലും മത്സരിച്ചു.

എൽഡിഎഫിൽ ഒമ്പത‌് സിപിഎം അംഗങ്ങളും രണ്ട‌് എൽജെഡി അംഗങ്ങളുമാണുള്ളത‌്. യുഡിഎഫ‌് -ആർഎംപിസഖ്യത്തിന‌് ഒൻപത് അംഗങ്ങളുമാണുള്ളത‌്. കോൺഗ്രസിന് നാലും മുസ്‌ലിംലീഗിന് മൂന്നും ആർഎംപിയ്ക്ക് രണ്ടും ബിജെപി ഒരു അംഗവുമാണുള്ളത്. പ്രസിഡന്റ‌ായി തെരഞ്ഞെടുത്ത വിജിലക്ക‌്  റിട്ടേണിങ് ഓഫിസറായ കൃഷി അസിസ‌്റ്റന്‍റ്  ഡയറക്റ്റർ കെ. സുഷമ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന‌് വൈസ‌് പ്രസിഡന്‍റ് കെ കെ തുളസിക്ക‌് പ്രസിഡന്റ‌് വിജില സത്യവാചകം ചൊല്ലിക്കൊടുത്തു.

എൽജെഡി ഇടതുമുന്നണിയിൽ ചേർന്നതോടെയാണ്‌ ഭരണസമിതിയിൽ എൽഡിഎഫിന്‌ ഭൂരിപക്ഷം നേടാനായത്. ടി പി ചന്ദ്രശേഖരൻ വെട്ടേറ്റ് വീണ വള്ളിക്കാട് ഉൾപ്പെടുന്ന പഞ്ചായത്താണ് ചോറോട്. വടകര ലോക്സഭ തെരഞ്ഞെടുപ്പിൽ ആർഎംപി സ്ഥാനാർഥിയ്ക്ക് യു ഡി എഫ് പിന്തുണ നൽകുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നതിനിടെയാണ് മണ്ഡലത്തിലെ ചോറോട് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. 

click me!