
തിരുവനന്തപുരം: ടാറിംഗ് നടപടി പൂർത്തിയായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായ നന്ദിയോട് -മുതുവിള റോഡിലെ വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്ത് കെഎസ്ഇബി. ടാറിങ് നടത്തിയ റോഡിലെ തൂണുകളുടെ ചിത്രങ്ങൾ വൈറലായതോടെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് കെഎസ്ഇബിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് വെദ്യുതി വകുപ്പ് തൂണുകൾ മാറ്റിസ്ഥാപിച്ചത്. നന്ദിയോട് -മുതുവിള റോഡിലാണ് ഏറെ വിവാദമായ റോഡ് ടാറിങ് നടന്നത്. ഗ്രാമപ്പഞ്ചായത്തും റോഡ് കരാറുകാരനും തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. വൈദ്യുതത്തൂൺ ആര് മാറ്റും എന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. ചെല്ലഞ്ചിപ്പാലം മുതൽ മുതുവിളയിലേക്കുള്ള റോഡിലാണ് വൈദ്യുതത്തൂണുകൾ റോഡിന് നടുക്ക് നിർത്തി ടാർചെയ്തത്. അപകട സാധ്യത ചൂണ്ടിക്കാട്ടിയുള്ള പഞ്ചായത്ത് നിർദേശമെത്തിയതിനൊപ്പം സ്ഥലം എംഎൽഎ ഡി.കെ മുരളിയും സംഭവത്തിൽ ഇടപെട്ടതോടെയാണ് അടിയന്തര നടപടിയായത്.
മുതുവിള നിന്നും ആരംഭിച്ച് പാലുവള്ളിയിലൂടെ നന്ദിയോട് അവസാനിക്കുന്ന 13.5 കിലോമീറ്റർ നീളംവരുന്ന റോഡ് 13.45 കോടി രൂപ ചെലവഴിച്ചാണ് ബിഎംബിസി നിലവാരത്തിൽ നിർമാണം പുരോഗമിക്കുന്നത്. ചെല്ലഞ്ചി പാലം മുതൽ പരപ്പിൽ വരെയുള്ള റോഡിലാണ് പോസ്റ്റുകൾ നിലനിർത്തി റോഡ് ടാർചെയ്തത്. അഞ്ചരമീറ്റർ വീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. എന്നാൽ, ഈ ഭാഗങ്ങളിൽ തൂണുകൾ നിൽക്കുന്നതിനാൽ മൂന്നരമീറ്റർ വീതിപോലും റോഡിനില്ലെന്നതാണ് പരാതി ഉയരാൻ കാരണം. റോഡിന്‍റെ വലതുഭാഗത്ത് കുഴിയാണെങ്കിലും സംരക്ഷണവേലിയും ഇല്ലെന്നതും വെല്ലുവിളിയായി. രാത്രികാലങ്ങളിൽ വരുന്ന വലിയ വാഹനങ്ങൾ പെട്ടെന്ന് നടുറോഡിലെ പോസ്റ്റ് കണ്ട് വാഹനം തിരിച്ചാൽ താഴെ കുഴിയിൽവീണ് വലിയ ദുരന്തങ്ങളുണ്ടാകാനുള്ള സാധ്യതയും വലുതാണെന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും പറഞ്ഞു. സംഭവം വിവാദമായതോടെയാണ് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു തുടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam