പാലക്കാട്ട് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം; രണ്ടു പേർക്ക് പരുക്കേറ്റു

Published : Nov 30, 2022, 06:38 PM IST
പാലക്കാട്ട് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം; രണ്ടു പേർക്ക് പരുക്കേറ്റു

Synopsis

കാളപൂട്ടിന് എത്തിയ ആൾക്കൂട്ടം ബഹളം വച്ചതോടെ ആന തിരിഞ്ഞോടി. പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.

പാലക്കാട് : കോട്ടോപ്പാട് കച്ചേരിപ്പറമ്പിൽ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം. രണ്ടു പേർക്ക് പരുക്കേറ്റു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ (40), കരടിയോട് വട്ടത്തൊടി അഫ്സൽ (30) എന്നിവരെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് നാട്ടുകാരെ നടുക്കി കാട്ടാന ജനക്കൂട്ടത്തിന്റെ സമീപം എത്തിയത്. ഓട്ടോ ഡ്രൈവറായ അഫ്സലിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നെല്ലിക്കുന്ന് ഭാഗത്ത് വച്ച് അഫ്സലിന്റെ ഓട്ടോയ്ക്കു നേരെ പാഞ്ഞ് വരുന്നത് കണ്ട് അഫ്സൽ ഓട്ടോ നിർത്തി ചാടി ഇറങ്ങി റബർ തോട്ടത്തിലൂടെ ഓടുകയായിരുന്നു. ഓടുന്നതിനിടെ വീണു പരുക്കേറ്റു. ഇതിനു ശേഷമാണ് കാളപൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ആനയെത്തിയത്. ആ സമയത്ത് നൂറുകണക്കിനു ആളുകളും ഉച്ചഭാഷിണിയുടെ ശബ്ദവും ഉണ്ടായിരുന്നു.

കാളപൂട്ടിന് കൊണ്ടുവന്ന ഉരുക്കളെ കെട്ടിയ ഭാഗത്ത് നിൽക്കുന്നതിനിടെയാണ് ഹംസയുടെ നേരെ ആന പാഞ്ഞടുത്തത്. ഇതോടെ ഹംസ തിരിഞ്ഞോടി. ഓടുന്നതിനിടെ വീണ ഹംസയെ ആന കുത്തിയെങ്കിലും കൊമ്പില്ലാത്തതിനാൽ കൊണ്ടില്ല. അവിടെ നിന്ന് ഉരുണ്ട് നീങ്ങി താഴ്ചയിലേക്ക് ചാടിയതോടെയാണ് ഹംസ രക്ഷപ്പെട്ടു. ഇതുകണ്ട് കാളപൂട്ടിന് എത്തിയ ആൾക്കൂട്ടം ബഹളം വച്ചതോടെ ആന തിരിഞ്ഞോടി. പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ഓട്ടോ ഡ്രൈവർക്കു നേരെ ആന പാഞ്ഞടത്ത റോഡിലൂടെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ നടന്നു പോകാറുള്ളതാണ്.  സംഭവം അറിഞ്ഞ് വനംവകുപ്പ് അധികൃതർ സംഭവം അറിഞ്ഞ് ആശുപത്രിയിൽ എത്തി.

(വാർ‍ത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം )

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി